90 കോടി ലാഭം, 30% തനിക്കുള്ളതെന്ന് അഞ്ജന; സിനിമയുടെ കോടിക്കിലുക്കത്തിലെ തട്ടിപ്പുകൾ
Mail This Article
കൊച്ചി ∙ ബോക്സോഫിസിൽ കോടികള്‍ കൊയ്ത മലയാള ചിത്രങ്ങൾ സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽപ്പെടുന്നതു തുടർക്കഥയാകുന്നു. സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ ‘മഞ്ഞുമ്മൽ ബോയ്സ്’ ആണ് ആദ്യം കോടതി കയറിയതും പിന്നാലെ ഇ.ഡി അന്വേഷണം നേരിടുന്നതുമെങ്കിൽ വിജയം കണ്ട ‘ആർഡിഎക്സ്’ സിനിമയും ഇപ്പോള്‍ വിവാദത്തിലാണ്. ആർഡിഎക്സിന്റെ നിർമാതാക്കൾ കബളിപ്പിച്ചു എന്നാരോപിച്ചു ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഞ്ജന ഏബ്രഹാമാണ് രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിൽ ലാഭവിഹിതം വാഗ്ദാനം ചെയ്തു പണം നിക്ഷേപിപ്പിച്ചശേഷം നൽകാതെ വഞ്ചിച്ചു എന്ന മഞ്ഞുമ്മൽ ബോയ്സ് കേസിനു സമാനമാണ് ആർഎഡിഎക്സിനെതിരെയും ഉള്ള പരാതി. ആർഡിഎക്സ് സിനിമ നിർമിച്ച സോഫിയ പോൾ, ഭർത്താവ് ജയിംസ് പോൾ എന്നിവർക്കെതിരെയാണ് തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസിൽ നൽകിയിരിക്കുന്ന പരാതി.
അഞ്ജന ഏബ്രഹാമിന്റെ പരാതിയിൽ പറയുന്നത് ഇങ്ങനെ – ‘‘സിനിമാ നിർമാണ കമ്പനിയായ വീക്കെൻഡ് ബ്ലോക്ബസ്റ്റേഴ്സിന്റെ പങ്കാളികളെന്നു പരിചയപ്പെടുത്തിയാണ് സോഫിയ പോളും ഭർത്താവും തൃപ്പൂണിത്തുറയിലെ വീട്ടിലെത്തിയത്. ആർഡിഎക്സ് എന്ന സിനിമ നിർമിക്കുന്നുണ്ടെന്നു പറഞ്ഞ ഇരുവരും അതിന്റെ പങ്കാളിയാകാൻ ക്ഷണിച്ചു. 2022 ഓഗസ്റ്റ് മൂന്നിന് ഇതു സംബന്ധിച്ച കരാറിലും ഒപ്പുവച്ചു. സിനിമയുടെ ആകെ നിർമാണച്ചെലവ് 13.8 കോടി രൂപയാണ് എന്നാണ് സോഫിയ പറഞ്ഞത്. അവരും ഇതിലേക്കു പണം നിക്ഷേപിക്കുന്നുണ്ടെന്ന് സോഫിയാ പോളും കൂട്ടരും വിശ്വസിപ്പിച്ചതോടെ വേഗത്തിൽ പണം നൽകി. തുടർന്ന് ആറു കോടി രൂപ പല തവണകളായി ബാങ്ക് അക്കൗണ്ടുകൾ മുഖേനെ സോഫിയാ പോളിനും കൂട്ടർക്കും നൽകി. സോഫിയ പോളും കൂട്ടരും ഈ പദ്ധതിയിലേക്കു പണമൊന്നും നിക്ഷേപിച്ചിട്ടില്ലെന്നു പിന്നീടു മനസ്സിലായി.
തിയറ്റർ, ഒടിടി, വിദേശത്തെ പ്രദർശനം, സംഗീതം, സാറ്റലൈറ്റ് തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട് ആകെ ലഭിക്കുന്ന ലാഭത്തിന്റെ 30% നൽകാം എന്നായിരുന്നു വാഗ്ദാനം. കരാറിലും ഇതുണ്ടായിരുന്നു. സിനിമ റിലീസ് ചെയ്ത് 90–120 ദിവസത്തിനുള്ളിൽ ഈ ലാഭം നൽകുമെന്നും കരാറിലുണ്ട്. എന്നാൽ സിനിമയുടെ ഷൂട്ടിങ്ങിനു മുമ്പും അതിനുശേഷവും സിനിമയ്ക്കുള്ള ഫണ്ടിങ് സംബന്ധിച്ചുള്ള വിവരങ്ങൾ കുറ്റാരോപിതർ മറച്ചുവച്ചു. ഇതിനിടയിൽ നിർമാണച്ചെലവിൽ 10.31 കോടി രൂപ കൂടുതലായി ചെലവായെന്നും ആകെ നിർമാണ ചെലവ് 23.40 കോടി രൂപയായി എന്നും സോഫിയ പോൾ ലാഘവത്തോടെ സൂചിപ്പിച്ചു. എന്നാൽ ഈ അവകാശവാദത്തെ തെളിയിക്കുന്ന രേഖകളൊന്നും സോഫിയാ പോളും കൂട്ടരും നൽകിയില്ല.
ആർഡിഎക്സ് സിനിമ വലിയ വിജയമായതോടെ ഒടിടിയും സാറ്റലൈറ്റ് അവകാശവും നല്ല തുകയ്ക്കു വിറ്റു. എന്നാൽ വിദേശത്തുള്ള ചില വിതരണക്കമ്പനികളുമായി സോഫിയാ പോളും കൂട്ടരും ലാഭവിഹിതം പങ്കുവയ്ക്കാമെന്ന കരാറിൽ ഏർപ്പെട്ടിരുന്നു എന്ന കാര്യം പിന്നീട് അറിഞ്ഞു. ഇക്കാര്യം മനഃപൂർവം എന്നിൽനിന്നു മറച്ചു വയ്ക്കുകയായിരുന്നു. സിനിമയുടെ ചെലവുകളെല്ലാം കഴിഞ്ഞ് 90 കോടി രൂപ ലാഭം കിട്ടിയതായാണു മനസ്സിലാക്കുന്നത്. കരാറനുസരിച്ച് ഇതിന്റെ 30% എനിക്ക് അർഹതപ്പെട്ടതാണ്. സിനിമയ്ക്കായി ആകെ 28 കോടി രൂപ ചെലവായി എന്നാണു സോഫിയാ പോളും കൂട്ടരും എന്നെ വിശ്വസിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ ചലച്ചിത്ര മേഖലയിൽനിന്നുള്ള കണക്കുകൾ പ്രകാരം 13 കോടി രൂപ മാത്രമാണ് ചിത്രത്തിനു ചെലവായത് എന്നാണ് മനസ്സിലാക്കുന്നത്.
നിരന്തരമായി ആവശ്യപ്പെട്ടശേഷം നിയമനടപടികൾ പേടിച്ചായിരിക്കണം, ആറു കോടി രൂപ തിരിച്ചു നൽകാമെന്നു കുറ്റാരോപിതർ സമ്മതിച്ചു. എന്നാൽ അതിനു പകരമായി 3.06 കോടി രൂപ മാത്രമാണു എനിക്കു വാഗ്ദാനം ചെയ്തിരുന്നതെന്നും അതുകൊണ്ടു തന്നെ കരാർ പൂർത്തിയായി എന്നും രേഖാമൂലം ഒപ്പിട്ടു കൊടുക്കാൻ നിർബന്ധിതയായി. സിനിമയുടെ വരവുചെലവുകൾ സംബന്ധിച്ച് ഓഡിറ്റ് കണക്കുകൾ ചോദിച്ചെങ്കിലും തരാൻ തയാറായില്ല. ഏറെ ശ്രമങ്ങൾക്കൊടുവിൽ, ഈ വിവരങ്ങൾ പുറത്തുവിടില്ല എന്ന് എഴുതി വാങ്ങിയശേഷം ചില കണക്കുകൾ നൽകുകയാണു ചെയ്തത്. യഥാർഥ ഓഡിറ്റ് കണക്കുകളും അതിന്റെ രേഖകളും ആവശ്യപ്പെട്ടെങ്കിലും അതെല്ലാം നിഷേധിക്കപ്പെട്ടു.’’