ADVERTISEMENT

മാന്നാർ ∙ മാന്നാറിൽ 15 വർഷം മുൻപു കാണാതായ കലയെന്ന യുവതി കൊല്ലപ്പെട്ടതായി സൂചന. കലയെ കൊന്നു സെപ്റ്റിക് ടാങ്കിൽ മറവുചെയ്തെന്നു പൊലീസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. പക്ഷേ അതു കലയുടേതാണെന്ന് ഉറപ്പിച്ചിട്ടില്ല.

മാന്നാറിലെ ഇരമത്തൂരിലുള്ള വീട്ടില്‍ മണ്ണുമാന്തി യന്ത്രമെത്തിച്ച് മണ്ണുമാറ്റിയ ശേഷം സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തുറന്നു പരിശോധിക്കുകയായിരുന്നു. സ്ലാബിനുള്ളിലെ മാലിന്യം നീക്കം ചെയ്യുന്നതിനിടയിലാണു മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. പരിശോധനയ്ക്കു ശേഷമേ മൃതദേഹം കലയുടേതെന്ന് ഉറപ്പിക്കാനാവൂ.

മാന്നാറിൽ കലയെ കൊന്നു കുഴിച്ചുമൂടിയെന്നു കരുതുന്ന വീടിനു ചുറ്റും തടിച്ചുകൂടിയ ജനം
മാന്നാറിൽ കലയെ കൊന്നു കുഴിച്ചുമൂടിയെന്നു കരുതുന്ന വീടിനു ചുറ്റും തടിച്ചുകൂടിയ ജനം

മൂന്നുമാസം മുൻപ് കലയെ കൊലപ്പെടുത്തിയതാണെന്ന് അറിയിച്ച് പൊലീസിനു ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. അമ്പലപ്പുഴയ്ക്കടുത്തു കാക്കാലം എന്ന സ്ഥലത്തു മൂന്നുമാസം മുമ്പുണ്ടായ ബോംബേറ് കേസുമായി ബന്ധപ്പെട്ടു രണ്ടുപേരെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിനു മുന്നോടിയായാണ് പൊലീസിന് ഊമക്കത്ത് ലഭിക്കുന്നത്. ഈ കേസിലെ പ്രതികൾ‌ക്കു മാന്നാനത്ത് 15 വർഷം മുൻപു കാണാതായ കലയുടെ കൊലപാതകവുമായി ബന്ധമുണ്ടെന്നും ഈ കാര്യം കൂടി അന്വേഷിക്കണമെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. ഇതിനെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.

കേസിൽ കലയുടെ ഭർത്താവ് അനിലിന്റെ ബന്ധുക്കളായ അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സോമൻ, സുരേഷ്, പ്രമോദ്, സന്തോഷ്, ജിനു രാജൻ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കലയുടെ ഭർത്താവ് അനിലാണ് കേസിലെ പ്രധാന പ്രതിയെന്നാണ് വിവരം. ഇയാളും മറ്റു പ്രതികളും ചേർന്ന് കലയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ കുഴിച്ചിട്ടെന്ന് അറസ്റ്റിലായവർ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ഇതിൽ ജിനു രാജനെ സ്ഥലത്തെത്തിച്ചാണ് പൊലീസ് മൃതദേഹം കണ്ടെത്താനുള്ള നടപടി തുടരുന്നത്. മറ്റു പ്രതികൾ മാന്നാർ പൊലീസ് കസ്റ്റഡിയിലാണ്. അനിൽ ഇസ്രയേലിലാണ് ഇപ്പോഴുള്ളത്. ഇയാളെ നാട്ടിലെത്തിക്കാൻ ശ്രമം ആരംഭിച്ചു.

കലയെക്കുറിച്ചുള്ള അനിലിന്റെ സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. രണ്ടു സമുദായങ്ങളിൽപെട്ട കലയും അനിലും പ്രണയിച്ചു വിവാഹിതരായവരാണ്. ഇവരുടെ വീടുകൾ തമ്മിൽ ഒരു കിലോമീറ്റർ വ്യത്യാസം മാത്രമാണുണ്ടായിരുന്നത്. അനിലിന്റെ ബന്ധുക്കൾക്കു വിവാഹത്തിൽ താൽപര്യമില്ലാതിരുന്നതിനാൽ ബന്ധുവീട്ടിലാണു വിവാഹശേഷം കലയെ താമസിപ്പിച്ചിരുന്നത്. അനിൽ പിന്നീട് വിദേശത്ത് ജോലിക്കുപോയി.

എന്നാൽ കലയ്ക്കു മറ്റാരോടോ ബന്ധമുണ്ടെന്നു ചിലർ വിളിച്ചുപറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട വഴക്കിനെത്തുടർന്ന് കല വീട്ടിലേക്കു തിരികെപ്പോകാൻ തുനിഞ്ഞപ്പോൾ മകനെ തനിക്കു വേണമെന്ന് അനിൽ ആവശ്യപ്പെട്ടു. പിന്നീടു നാട്ടിലെത്തിയ ശേഷം കലയുമായി സംസാരിക്കുകയും കാർ വാടകയ്‌ക്കെടുത്ത് കുട്ടനാട് ഭാഗങ്ങളിലേക്കു യാത്ര പോകുകയും ചെയ്തു.

ഇതിനിടെ, സുഹൃത്തുക്കളായ അ‍ഞ്ചുപേരെ വിളിച്ചുവരുത്തി കാറിൽവച്ച് കലയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണു വിവരം. പിന്നാലെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ കുഴിച്ചിട്ടു. കേസിലെ പ്രതികളിലൊരാളായ പ്രമോദ് കഴിഞ്ഞ മേയിൽ ഭാര്യയെയും മക്കളെയും പെട്രോളൊഴിച്ച് തീവച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇയാളുടെ പേരിൽ കേസുണ്ട്.
 

English Summary:

Mavelikkara Mannar Missing Woman Death Probe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com