‘ഹൃദയഭേദകം’: ഹത്രസ് ദുരന്തത്തിൽ അനുശോചിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
Mail This Article
ലക്നൗ ∙ ഉത്തർപ്രദേശിലെ ഹത്രസിൽ തിക്കിലും തിരക്കിലും പെട്ട് 87 പേര്‍ മരിക്കുകയും നിരവധി പേർക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അനുശോചിച്ച് രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. സംഭവം ഹൃദയഭേദകമെന്നും പരുക്കേറ്റവര്‍ക്ക് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടേയെന്നും ഇരുവരും പറഞ്ഞു. രാഷ്ട്രപതി എക്സിലൂടെയും പ്രധാനമന്ത്രി ലോക്സഭയിൽ നടത്തിയ മറുപടി പ്രസംഗത്തിലുമാണ് അനുശോചനം അറിയിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്കു 50,000 രൂപ വീതം നൽകുമെന്ന് കേന്ദ്രസർക്കാര്‍ അറിയിച്ചു.
‘‘ഉത്തർപ്രദേശിലെ ഹത്രസ് ജില്ലയിലുണ്ടായ അപകടത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി ഭക്തർ മരിച്ചെന്ന വാർത്ത ഹൃദയഭേദകമാണ്. കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുന്നു. പരുക്കേറ്റവർ എത്രയും പെട്ടന്നു സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു’’ – രാഷ്ട്രപതി ദ്രൗപദി മുർമു എക്സിൽ കുറിച്ചു.
‘‘ഹത്രസിലുണ്ടായ ദുരന്തത്തിൽ അനേകം ജനങ്ങൾക്ക് ജീവൻ നഷ്ടമായി. മരിച്ചവരുടെ ബന്ധുക്കളെ അനുശോചനം അറിയിക്കുന്നു. പരുക്കേറ്റവർക്ക് എത്രയും പെട്ടെന്നു സുഖം പ്രാപിക്കാന്‍ സാധിക്കട്ടെ. ഉത്തർപ്രദേശ് സർക്കാരിനു വേണ്ട എല്ലാ സഹായവും കേന്ദ്രസർക്കാര്‍ നൽകും’’ – എന്നാണ് പ്രധാനമന്ത്രി സഭയിൽ പറഞ്ഞത്.
ഹത്രസിലെ രക്ഷാപ്രവർത്തനങ്ങൾക്ക് എല്ലാ സഹായങ്ങളും നൽകുമെന്നു കേന്ദ്രമന്തി രാജ്നാഥ് സിങ് പറഞ്ഞു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗയും സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി.