അരൂർ-തുറവൂർ മേൽപ്പാത നിർമാണം: 3 ദിവസം ഗതാഗത നിയന്ത്രണം
Mail This Article
ആലപ്പുഴ ∙ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മേൽപ്പാത നിര്‍മാണം നടക്കുന്ന അരൂര്‍ മുതല്‍ തുറവൂര്‍ വരെയുള്ള ഭാഗത്തെ സർവീസ് റോഡ് ടാറിടുന്നതിനായി ജൂലൈ 3 മുതൽ 3 ദിവസത്തേക്ക് ഗതാഗതം നിയന്ത്രിക്കും. മന്ത്രി പി.പ്രസാദ് ഓണ്‍ലൈനില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം.
3, 4, 5 തീയതികളിൽ ഫ്ലൈഓവറിനോട് ചേര്‍ന്നുള്ള കിഴക്കുഭാഗത്തെ സർവീസ് റോഡാണ് ടാർ ചെയ്യുക. ദേശീയപാതയുടെ അരൂക്കുറ്റി ബസ് സ്റ്റോപ് മുതൽ തുറവൂർ ജംക്‌ഷൻ വരെയുള്ള, നിലവില്‍ തെക്കു ഭാഗത്തേക്ക് പോകുന്ന റോഡിൽ ഗതാഗതം നിരോധിച്ച് ടാറിങ് പൂർത്തിയാക്കും. അരൂരിൽനിന്ന് തുറവൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ അരൂർ അമ്പലം ജംക്‌ഷനിൽനിന്ന് അരൂക്കുറ്റി വഴി തിരിഞ്ഞ് തൈക്കാട്ടുശ്ശേരി, മാക്കെകടവ് വഴി തുറവൂർ ജംക്‌ഷനിൽ പ്രവേശിക്കണം.
ഫ്ലൈ ഓവറിന്റെ പടിഞ്ഞാറ് വശത്തെ സർവീസ് റോഡ് ടാറിങ് മഴയുടെ സ്വഭാവമനുസരിച്ച് തുടർന്നുള്ള ദിവസങ്ങളിൽ നടത്തും. ഈ ദിവസങ്ങളില്‍ അരൂരിൽനിന്ന് തുറവൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അരൂക്കുറ്റി ബസ് സ്റ്റോപ്പിൽനിന്ന് തിരിഞ്ഞ് അരൂക്കുറ്റി, തൃച്ചാട്ടുകുളം, മാക്കേക്കടവ് വഴി ദേശീയപാത തുറവൂര്‍ ബസ് സ്റ്റോപ്പിൽ പ്രവേശിക്കണം. എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഫ്ലൈഓവറിനോട് ചേര്‍ന്നുള്ള കിഴക്കുഭാഗത്തെ ടാറിങ് പൂര്‍ത്തിയായ റോഡിലൂടെ വടക്കോട്ട് കടത്തിവിടും.