ADVERTISEMENT

റാഞ്ചി∙ ജാർഖണ്ഡ് മുഖ്യമന്ത്രി ചംപയ് സോറൻ രാജിവച്ചു. രാജ്ഭവനിലെത്തി രാജിക്കത്ത് കൈമാറി. ഹേമന്ത് സോറൻ മുഖ്യമന്ത്രിയായി ഉടൻ അധികാരമേൽക്കും. കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തതോടെയാണ് ചംപയ് സോറൻ മുഖ്യമന്ത്രിയായത്. ഹേമന്ത് സോറന് കഴിഞ്ഞയാഴ്ച ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. സത്യപ്രതിജ്ഞയുടെ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് നേതൃത്വം പറ‍ഞ്ഞു.

‘‘ഹേമന്ത് സോറൻ‌ മടങ്ങി വരുന്ന സാഹചര്യത്തിൽ മുന്നണിയാണ് എന്റെ രാജി സംബന്ധിച്ച തീരുമാനം എടുത്തത്. ഹേമന്ത് സോറനെ നേതാവായി തിരഞ്ഞെടുത്തു. ഞാൻ മുഖ്യമന്ത്രി പദം രാജിവച്ചു’’– ചംപയ് സോറൻ മാധ്യമങ്ങളോട് പറഞ്ഞു. ഹേമന്ത് സോറന്റെ അറസ്റ്റിനെ തുടർന്ന് ഫെബ്രുവരി രണ്ടിനാണ് ചംപയ് സോറൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ചംപയ് സോറന്റെ വസതിയിൽ ചേർന്ന മുന്നണി യോഗത്തിൽ എംഎൽഎമാർ ഹേമന്ത് സോറനെ നേതാവായി തിരഞ്ഞെടുക്കുകയായിരുന്നു എന്ന് പാർട്ടി നേതാക്കൾ പറഞ്ഞു. കള്ളപ്പണം വെളുപ്പിച്ചതിനു തെളിവില്ലെന്ന് ഹേമന്ത് സോറന് ജാമ്യം നൽകി ജസ്റ്റിസ് രംഗൻ മുഖോപാധ്യായ വ്യക്തമാക്കിയിരുന്നു. ജൂൺ 28ന് ഹേമന്ത് സോറന്‌ ജയിൽ മോചിതനായി.

റാഞ്ചിയിലെ 8.86 ഏക്കർ ഭൂമി കൈവശപ്പെടുത്തിയെന്ന കേസിൽ ജനുവരി 31നാണ് ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തത്. അതിനു മുൻപായി അദ്ദേഹം മുഖ്യമന്ത്രി പദവി ഒഴിഞ്ഞു. ജൂൺ 13ന് കോടതി വാദം കേട്ട ശേഷം വിധി പറയാൻ മാറ്റിയിരുന്നു. ഭൂമി ഏറ്റെടുത്തതിലും കൈവശം വച്ചതിലും റവന്യൂ രേഖകളിൽ സോറൻ ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇ.ഡിയുടെ വാദങ്ങൾ കോടതി തള്ളി.

English Summary:

Champai Soren Resigns as Jharkhand Chief Minister; Hemant Soren to Take Over

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com