പശുക്കടത്ത് ആരോപിച്ച് ഡ്രൈവർക്കുനേരെ ആക്രമണം; ട്രക്ക് തുറന്നപ്പോൾ കണ്ടത് നാരങ്ങ
Mail This Article
ജയ്പുർ∙ രാജസ്ഥാനിൽ നാരങ്ങ കയറ്റിയ ലോറി ഡ്രൈവറെയും സഹായിയേയും ക്രൂര മര്‍ദനത്തിനിരയാക്കിയ കേസിൽ ആറുപേർ അറസ്റ്റിൽ. ശനിയാഴ്ച രാത്രി രാജസ്ഥാനിലെ ചുരു ജില്ലയിലാണ് സംഭവം. പശു സംരക്ഷകരെന്ന് അവകാശപ്പെട്ടാണ് ഇരുപതോളം പേര്‍ അക്രമിച്ചതെന്ന് ഡ്രൈവർ പറഞ്ഞു.
ട്രക്കുമായി ശനിയാഴ്ച വൈകിട്ട് ചുരുവിൽനിന്ന് ഭട്ടിൻഡയിലേക്ക് പോവുകയായിരുന്ന ഹരിയാനയിലെ ഫത്തോഹാബാദ് സ്വദേശികളായ സോനു ബൻഷിറാം (29), സുന്ദർ സിങ് (35) എന്നിവർക്കു നേരെയാണ് അക്രമണമുണ്ടായത്. ഇരുവരെയും സാരമായ പരുക്കുകളോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മഴയെത്തുടർന്ന് ദേശീയപാത 57ൽ ട്രക്ക് നിർത്തിയിട്ടിരുന്നു. ആ സമയം അതുവഴി കടന്നുപോയ യാത്രക്കാരിലൊരാൾക്ക് വാഹനത്തിൽ പശുവിനെ കടത്തുന്നെന്ന് സംശയം തോന്നുകയും ഗോസംരക്ഷകരെ അറിയിക്കുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ സംഘം ട്രക്ക് പിന്തുടർന്നു. എന്നാൽ കൊള്ളസംഘമാണ് വരുന്നതെന്ന് തെറ്റിദ്ധരിച്ച് ഡ്രൈവർ വണ്ടി നിർത്തിയില്ല. അടുത്ത ടോൾ പ്ലാസയിൽ വണ്ടിയെത്തിയപ്പോൾ സംഘം ഇരുവരെയും പിടികൂടുകയും വലിച്ചിഴച്ച് നിലത്തിട്ട് വടികൊണ്ട് അടിക്കുകയുമായിരുന്നു.
മർദിച്ച ശേഷം ഒരാൾ ട്രക്ക് തുറന്നു നോക്കി. കന്നുകാലികൾക്കു പകരം നാരങ്ങയാണു കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. തെറ്റു പറ്റിയെന്നു മനസ്സിലായതോടെ സംഘം കടന്നുകളഞ്ഞു. സംഘത്തിലെ മറ്റുള്ളവർക്കായുള്ള അന്വേഷണം നടത്തുകയാണെന്നു രാജ്ഗഡ് ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് പ്രശാന്ത് കിരൺ പറഞ്ഞു.