കൃത്യനിർവഹണം തടസ്സപ്പെടുത്തി; ചാണ്ടി ഉമ്മനും എം.വിൻസന്റിനുമെതിരെ പൊലീസ് കേസ്
Mail This Article
തിരുവനന്തപുരം∙ ശ്രീകാര്യം പൊലീസ് സ്റ്റേഷന് ഉപരോധിച്ച സംഭവത്തില്‍ എം.വിന്‍സെന്റ്, ചാണ്ടി ഉമ്മന്‍ എന്നീ എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തു. പൊലീസുകാരെ കല്ലെറിഞ്ഞുവെന്നും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്നുമാണ് എഫ്ഐആര്‍.
കാര്യവട്ടം ക്യാംപസില്‍ കെഎസ്യു നേതാവിനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് അര്‍ധരാത്രി പൊലീസ് സ്റ്റേഷന് ഉപരോധിച്ച കെഎസ്യു പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായാണ് എംഎല്‍എമാര്‍ സ്റ്റേഷനിലെത്തിയത്. എം.വിന്‍സെന്റ് എംഎല്‍എയെ പൊലീസുകാര്‍ക്കു മുന്നില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതായും ആരോപണമുണ്ട്. എസ്എഫ്ഐ– കെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ മണിക്കൂറുകളോളം കയ്യാങ്കളിയും വാക്കേറ്റവും നടന്നു.
കെഎസ്യു തിരുവന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി സാഞ്ചോസിനെ കാര്യവട്ടം ക്യാംപസിലെ മുറിയിലിട്ട് എസ്എഫ്ഐ മര്‍ദിച്ചെന്നും ഇതില്‍ കുറ്റക്കാരായവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് രാത്രി പതിനൊന്നരയോടെയാണ് കെഎസ്യു പ്രവര്‍ത്തകര്‍ സ്റ്റേഷന് ഉപരോധിക്കാനെത്തിയത്. സാഞ്ചോസിനെയും എംഎല്‍എയെയും മര്‍ദിച്ചവര്‍ക്കെതിരെ കേസെടുക്കാമെന്ന ഉദ്യോഗസ്ഥരുടെ ഉറപ്പിൽ രാത്രി രണ്ടു മണിയോടെ സമരം അവസാനിപ്പിച്ചു.