കാര്യവട്ടത്ത് എം.വിൻസന്റ് എംഎൽഎയെ കയ്യേറ്റം ചെയ്ത് എസ്എഫ്ഐ; പൊലീസുകാരനും പരുക്ക്
Mail This Article
തിരുവനന്തപുരം ∙ കാര്യവട്ടം ക്യാംപസിൽ കെഎസ്‌യു നേതാവിനെ മർദിച്ചതിൽ പ്രതിഷേധിച്ച് ശ്രീകാര്യം പൊലീസ് സ്റ്റേഷൻ ഉപരോധിച്ച കെഎസ്‌യു പ്രവർത്തകർക്ക് പിന്തുണയുമായെത്തിയ എം.വിൻസെന്റ് എംഎൽഎയെ കയ്യേറ്റം ചെയ്ത് എസ്എഫ്ഐ. പൊലീസിനു മുന്നിലാണ് എംഎൽഎയ്ക്കെതിരെ കയ്യേറ്റമുണ്ടായത്. അര്‍ധരാത്രി കെഎസ്‌യു നടത്തിയ പൊലീസ് സ്റ്റേഷൻ ഉപരോധമാണ് സംഘർഷത്തിൽ കലാശിച്ചത്. എസ്എഫ്ഐ– കെഎസ്‌യു പ്രവർത്തകർ തമ്മിൽ മണിക്കൂറുകളോളം കയ്യാങ്കളിയും വാക്കേറ്റവും നടന്നു.
കെഎസ്‌യു തിരുവന്തപുരം ജില്ലാ ജനറൽ സെക്രട്ടറി സാഞ്ചോസിനെ കാര്യവട്ടം ക്യാംപസിലെ മുറിയിലിട്ട് എസ്എഫ്ഐ മര്‍ദിച്ചെന്നാണ് ആരോപണം. ഇതിൽ കുറ്റക്കാരായ എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാത്രി പതിനൊന്നരയോടെയാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ ശ്രീകാര്യം സ്റ്റേഷന്‍ ഉപരോധിക്കാനെത്തിയത്. ചാണ്ടി ഉമ്മൻ എംഎൽഎയുടെ നേതൃത്വത്തിൽ സ്റ്റേഷന്റെ വാതിൽക്കലായിരുന്നു ഉപരോധം.
കെഎസ്‌യുവിന്റേത് തട്ടിപ്പ് സമരം എന്നാരോപിച്ചാണ് എസ്‌എഫ്‌ഐ പ്രവര്‍ത്തകരും സ്റ്റേഷനിലേക്ക് സംഘടിച്ചെത്തിയത്. ഇതോടെ ഇരുപക്ഷവും സ്റ്റേഷനു മുന്നിൽ പോര്‍വിളി തുടങ്ങി. ഇതിനിടെയാണ് ജില്ലയിലെ ഏക കോൺഗ്രസ് എംഎൽഎയായ എം.വിൻസെന്റും കോൺഗ്രസിന്റെ ജില്ലാ ഭാരവാഹിയായ ചെമ്പഴന്തി അനിലും സ്ഥലത്തെത്തുന്നത്. കാറിൽ നിന്നിറങ്ങിയ വിൻസന്റിനെ പൊലീസിനു മുന്നിൽ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതോടെ സ്ഥിതി വഷളായി.
ഇതിനിടെ കല്ലേറിൽ പരുക്കേറ്റ ഒരു പൊലീസുകാരനെ ആശുപത്രിയിലേക്കു മാറ്റി. വിദ്യാർഥി സംഘര്‍ഷം കൈവിട്ടു പോകുമെന്ന് കണ്ടതോടെ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറും ക്രൈം ഡിറ്റാച്ച്മെന്റ് അസിസ്റ്റന്റ് കമ്മിഷണറും സ്ഥലത്തെത്തി. സാഞ്ചോസിനെയും എംഎൽഎയെയും മര്‍ദിച്ചവര്‍ക്കെതിരെ കേസെടുക്കാമെന്ന ഉദ്യോഗസ്ഥരുടെ ഉറപ്പിലാണ് രാത്രി രണ്ടു മണി കഴിഞ്ഞ് കെഎസ്‌യു സമരം അവസാനിപ്പിച്ചത്.