ഹാഥ്റസ് ദുരന്തത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു; അനുശോചിച്ച് പുട്ടിൻ
Mail This Article
ഹാഥ്റസ്∙ ഹാഥ്‌റസ് ജില്ലയിലെ പുൽറായി ഗ്രാമത്തിൽ പ്രാർഥനായോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 121പേർ മരിച്ച സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ച ആറു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിൻ ദുരന്തത്തിൽ അനുശോചനം അറിയിച്ചു.
ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പരിപാടികൾക്ക് പ്രവർത്തന മാര്‍ഗരേഖയിറക്കും. ദുരന്തത്തിന് ആരാണ് ഉത്തരവാദിയെന്ന് ജുഡീഷ്യൽ കമ്മിഷൻ പരിശോധിക്കും. സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടോയെന്നും പരിശോധിക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നവരുടെ ആരോഗ്യനില യോഗി ആദിത്യനാഥ് വിലയിരുത്തി. മെച്ചപ്പെട്ട ചികിൽസ ഉറപ്പാക്കാൻ അധികൃതരോട് അദ്ദേഹം നിർദേശിച്ചു. ജില്ലയിലെ പ്രധാന ഉദ്യോഗസ്ഥരുമായി യോഗി ആദിത്യനാഥ് ചർച്ച നടത്തി. അപകടത്തിന്റെ കാരണങ്ങൾ പരിശോധിക്കുന്ന ജുഡീഷ്യൽ കമ്മിറ്റി, ഭാവിയിൽ അപകടങ്ങൾ ഒഴിവാക്കാനുള്ള നിർദേശങ്ങളും സമർപ്പിക്കും.
അതിനിടെ, അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ അഞ്ചംഗ വിദഗ്ധ കമ്മിറ്റിയെ നിയോഗിക്കണം എന്നാവശ്യപ്പെട്ട് അഡ്വ. വിശാൽ തിവാരി സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തു. ഉത്തർപ്രദേശ് സർക്കാരിനോട് റിപ്പോർട്ട് തേടണമെന്നും, ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
മരിച്ചവരിലധികവും സ്ത്രീകളും കുട്ടികളുമാണ്. നൂറോളം പേർ പരുക്കുകളോടെ ചികിത്സയിലാണ്. ഹരി ഭോലെ ബാബ എന്ന ഗുരുവിന്റെ നേതൃത്വത്തിൽ നടന്ന പ്രാർഥനായോഗത്തിന്റെ അവസാനം അനുഗ്രഹം തേടി ആളുകൾ തിരക്കു കൂട്ടിയതിനെത്തുടർന്ന് അപകടമുണ്ടായെന്നാണ് പൊലീസ് നിഗമനം. സമീപ ജില്ലകളിൽനിന്നുൾപ്പെടെ ആയിരങ്ങളെത്തിയിരുന്നു. ഇത്രയും പേരെ ഉൾക്കൊള്ളാനുള്ള ക്രമീകരണം സംഘാടകർ നടത്തിയിരുന്നില്ല. പരുക്കേറ്റവരെ ട്രക്കുകളിലും ട്രാക്ടറുകളിലുമാണ് ആശുപത്രികളിൽ എത്തിച്ചത്.