ADVERTISEMENT

തിരുവനന്തപുരം∙ കാര്യവട്ടം ക്യാംപസില്‍ കെഎസ്‌യു നേതാവിനു മർദ്ദനമേറ്റ സംഭവത്തിൽ ശ്രീകാര്യം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച എംഎല്‍എമാര്‍ക്കും കെഎസ്‌യു നേതാക്കള്‍ക്കുമെതിരെ കേസെടുത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യു സെക്രട്ടേറിയറ്റിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രവര്‍ത്തകര്‍ എംജി റോഡ് ഉപരോധിച്ചു. പൊലീസ് സ്‌റ്റേഷന്‍ ഉപരോധവുമായി ബന്ധപ്പെട്ട് എം.വിന്‍സെന്റ്, ചാണ്ടി ഉമ്മന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. പൊലീസുകാരെ കല്ലെറിഞ്ഞുവെന്നും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്നുമാണ് എഫ്‌ഐആറിലുള്ളത്.

കാര്യവട്ടം ക്യാംപസില്‍ കെഎസ്‌യു നേതാവിനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് അര്‍ധരാത്രി ശ്രീകാര്യം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായാണ് എംഎല്‍എമാര്‍ സ്‌റ്റേഷനിലെത്തിയത്. എം.വിന്‍സെന്റ് എംഎല്‍എയെ പൊലീസുകാര്‍ക്കു മുന്നില്‍ വച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതായും ആരോപണമുണ്ട്. എസ്എഫ്‌ഐ– കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ മണിക്കൂറുകളോളം കയ്യാങ്കളിയും വാക്കേറ്റവും നടന്നു.

ksu-protest-2
കെഎസ്‌യുവിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ നിന്ന്. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

കെഎസ്‌യു തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി സാഞ്ചോസിനെ കാര്യവട്ടം ക്യാംപസിലെ മുറിയിലിട്ട് എസ്എഫ്‌ഐ മര്‍ദിച്ചെന്നും ഇതില്‍ കുറ്റക്കാരായ എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് രാത്രി പതിനൊന്നരയോടെയാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ ശ്രീകാര്യം സ്റ്റേഷന്‍ ഉപരോധിക്കാനെത്തിയത്. ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സ്റ്റേഷന്റെ വാതില്‍ക്കലായിരുന്നു ഉപരോധം. കെഎസ്‌യുവിന്റേത് തട്ടിപ്പ് സമരം എന്നാരോപിച്ചാണ് എസ്എഫ്ഐ പ്രവര്‍ത്തകരും സ്റ്റേഷനിലേക്ക് സംഘടിച്ചെത്തിയത്. ഇരുപക്ഷവും സ്റ്റേഷനു മുന്നില്‍ പോര്‍വിളി തുടങ്ങി.

ksu-protest-3
കെഎസ്‌യുവിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ നിന്ന്. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

ഇതിനിടെയാണ് ജില്ലയിലെ ഏക കോണ്‍ഗ്രസ് എംഎല്‍എയായ എം.വിന്‍സെന്റും കോണ്‍ഗ്രസിന്റെ ജില്ലാ ഭാരവാഹിയായ ചെമ്പഴന്തി അനിലും സ്ഥലത്തെത്തുന്നത്. കാറില്‍ നിന്നിറങ്ങിയ വിന്‍സന്റിനെ പൊലീസിനു മുന്നില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതോടെ സ്ഥിതി വഷളായി. ഇതിനിടെ കല്ലേറില്‍ പരുക്കേറ്റ ഒരു പൊലീസുകാരനെ ആശുപത്രിയിലേക്കു മാറ്റി. വിദ്യാര്‍ഥി സംഘര്‍ഷം കൈവിട്ടു പോകുമെന്ന് കണ്ടതോടെ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറും ക്രൈം ഡിറ്റാച്ച്‌മെന്റ് അസിസ്റ്റന്റ് കമ്മിഷണറും സ്ഥലത്തെത്തി. സാഞ്ചോസിനെയും എംഎല്‍എയെയും മര്‍ദിച്ചവര്‍ക്കെതിരെ കേസെടുക്കാമെന്ന ഉദ്യോഗസ്ഥരുടെ ഉറപ്പിലാണ് രാത്രി രണ്ടു മണി കഴിഞ്ഞ് കെഎസ്‌യു സമരം അവസാനിപ്പിച്ചത്.

English Summary:

Water Cannons, Blockades, and Chaos: KSU Protest Breakdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com