കെ.സുധാകരനെതിരെ ‘കൂടോത്ര’ പ്രയോഗമോ?; ചർച്ചയായി ഒന്നര വർഷം മുൻപുള്ള ദൃശ്യങ്ങൾ – വിഡിയോ
Mail This Article
കണ്ണൂർ ∙ കെപിസിസി അധ്യക്ഷനും കണ്ണൂർ എംപിയുമായ കെ.സുധാകരനെതിരെ ‘കൂടോത്ര’ പ്രയോഗം നടന്നതായി ആരോപണം. കണ്ണൂരിലെ സുധാകരന്റെ വീട്ടിൽനിന്ന് കൂടോത്രത്തിനു സമാനമായ രൂപങ്ങളും തകിടുകളും കണ്ടെടുക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് ‘കൂടോത്ര’ വിവാദം ചർച്ചയായത്. പുറത്തു വന്ന വിഡിയോയിൽ ‘കൂടോത്ര’ വസ്തുക്കൾ ഒരു വ്യക്തി കുഴിച്ചെടുക്കുന്നതായാണു കാണുന്നത്.
ദൃശ്യങ്ങളിൽ കെ.സുധാകരനും കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താനും സംസാരിക്കുന്നതും കേൾക്കാം. തനിക്കു കാലിനു ബലം കുറയുകയും നടക്കുമ്പോൾ ബാലൻസ് തെറ്റുകയും ചെയ്തിരുന്നതായും ഇടയ്ക്ക് ടെൻഷനും വെപ്രാളവും വരാറുള്ളത് ഇതുകൊണ്ടാണെന്നോയെന്നു സംശയിക്കുന്നതായും സുധാകരൻ ഉണ്ണിത്താനോടു പറയുന്നതായി ഈ വിഡിയോയിൽ കേൾക്കാം.
ഇരുപതോളം തകിടുകൾ ഇത്തരത്തിൽ പുറത്തെടുത്തെന്നാണു സൂചന. പല തരത്തിലുള്ള കോലങ്ങളും മറ്റും ആലേഖനം ചെയ്തതായാണ് ആരോപണം. കെപിസിസി ഓഫിസിലെ കെ സുധാകരന്റെ മുറിയിലും തിരുവനന്തപുരം പേട്ടയിലെയും ഡൽഹിയിലെയും താമസസ്ഥലത്തുംനിന്ന് ഇത്തരം തകിടുകളും രൂപങ്ങളും കണ്ടെടുത്തിരുന്നതായി റിപ്പോർട്ടുകളുണ്ട്.
ഒന്നര വർഷം മുൻപുള്ള വിഡിയോയുടെ ആധികാരികതയെ കുറിച്ചും ചർച്ചകൾ ഉയരുന്നുണ്ട്. പുറത്തുവന്ന വിഡിയോയെക്കുറിച്ച് അറിയില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പ്രതികരിച്ചു. കൂടോത്രം നടന്നിട്ടുണ്ടോയെന്ന് വിഡിയോ പുറത്തുവിട്ടവരോടു തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിഡിയോ പുറത്തുവന്നതിനെക്കുറിച്ച് അറിയില്ലെന്ന് കെ.സുധാകരന്റെ പഴ്സനൽ അസിസ്റ്റന്റും പ്രതികരിച്ചു.
നേരത്തെ, വി.എം. സുധീരൻ കെപിസിസി അധ്യക്ഷനായിരുന്ന സമയത്തും ‘കൂടോത്ര’വിവാദം ഉയർന്നിരുന്നു. കുമാരപുരത്തെ വീട്ടിൽനിന്നും ഒൻപതു തവണ കൂടോത്രം കണ്ടെത്തിയതായി സുധീരൻ സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു.