പുലർച്ചെ മാലിന്യം തള്ളി മടങ്ങുമ്പോൾ വണ്ടി പണിമുടക്കി; പിക്കപ്പിലെത്തിയവരെ പിടികൂടി നാട്ടുകാർ
Mail This Article
കൊച്ചി∙ കളമശേരിയിൽ വണ്ടിയിലെത്തിച്ച് മാലിന്യം തള്ളിയ സംഘത്തെ കയ്യോടെ പൊക്കി നാട്ടുകാർ. ഫർണിച്ചർ കടയിൽനിന്നുള്ള മാലിന്യം പൊതുസ്ഥലത്തു തള്ളിയ സംഘത്തെയാണു നാട്ടുകാർ പിടികൂടിയത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെ കളമശേരി നഗരസഭയിലെ 12–ാം വാര്‍ഡായ എച്ച്‌എംടി എസ്റ്റേറ്റിലാണു സംഭവം. പിക്കപ്പിൽ എത്തിയ സംഘം വണ്ടി നിര്‍ത്തിയശേഷം മാലിന്യം തള്ളി. എന്നാൽ തിരികെ പോകാൻ നേരം വണ്ടി പണിമുടക്കുകയായിരുന്നു.
പ്രദേശത്ത് രാത്രിയുടെ മറവിൽ മാലിന്യം തള്ളുന്നതിൽ പൊറുതിമുട്ടിയിരുന്ന നാട്ടുകാര്‍, മാലിന്യം തള്ളാനെത്തുന്നവരെ പിടികൂടാനായി തക്കം പാർത്തിരിക്കുകയായിരുന്നു. ഇതിനിടയിലാണു പിക്കപ്പ് കിടക്കുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇവരെ ചോദ്യം ചെയ്തതിൽനിന്നു മാലിന്യം തള്ളാനെത്തിയവരാണെന്നു മനസിലായി. പിന്നീടു പ്രദേശത്തെ കൗൺസിലര്‍മാരെ വിളിച്ചുവരുത്തിയ ശേഷം സംഘത്തെ പൊലീസിനു കൈമാറുകയായിരുന്നു. പ്രദേശത്ത് സ്ഥിരമായി മാലിന്യം തള്ളുന്നത് ഇവരെന്നാണ് നാട്ടുകാരുടെ ആരോപണം.
അതേസമയം, വാഹനം നഗരസഭയുടെ കസ്റ്റഡിയിലാണ്. കാക്കനാട് പടമുകളിലെ ഫർണിച്ചർ കടയിലെ മാലിന്യമാണ് തള്ളാനെത്തിയത്. സ്ഥിരമായി എച്ച്എംടി മലയിൽ തള്ളുന്നതാണിത്. ഇന്നു പുലർച്ചെ 3 മണിക്ക് മാലിന്യവുമായി എത്തിയ വാഹനത്തിന്റെ ചക്രങ്ങൾ മണ്ണിൽ പുതഞ്ഞുപോയി. മുന്നോട്ടെടുക്കാൻ കഴിയാത്തതായിരുന്നു പ്രശ്നം.