പുലർച്ചെ മുറ്റത്തേക്ക് ഇറങ്ങുമ്പോൾ രണ്ടു കരടികൾ; ബോണക്കാട്ട് ആക്രമണത്തിൽ 55കാരന് പരുക്ക്
Mail This Article
വിതുര∙ തിരുവനന്തപുരം വിതുരയിൽ ബോണക്കാട് ബി.എ. ഡിവിഷനിൽ കറ്റാടിമുക്ക് ലൈനിലെ ലാലാ(55)യനെ കരടി ആക്രമിച്ചു. ഉറക്കം ഉണർന്ന് വീടിന്റെ മുറ്റത്തേക്ക് ഇറങ്ങുന്ന സമയമാണ് അക്രമണം ഉണ്ടായത്. രണ്ടു കരടികൾ ആണ് ആക്രമിച്ചത്. ആദ്യത്തെ കരടിയുടെ അടിയിൽ തന്നെ ഇദ്ദേഹം നിലംപതിച്ചു. തുടയുടെ ഭാഗത്തും കൈകളിലും ആഴത്തിൽ ഉള്ള മുറിവുകളുണ്ട്. ബഹളം വച്ചതിനെതുടർന്നു കരടികൾ പിന്മാറുകയായിരുന്നു. ഇതിനു മുൻപ് ഈ കരടികളെ പ്രദേശത്തു കണ്ടതായി സ്ഥലവാസികൾ പറയുന്നു. കൂടാതെ പുലികൾ കന്നുകാലികളെയും നായ്ക്കളെയും ആക്രമിച്ചു കൊല്ലുന്നതും പതിവായി വരുകയാണ്. വിതുര താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
∙ മുൻപും ആക്രമണം, കരടി മാത്രമല്ല
ബൈക്ക് യാത്രികനെ ആക്രമിച്ചതും, പല സ്ഥലങ്ങളിലും ഇറങ്ങിനിന്ന് ഭീതി പരത്തിയും ബോണക്കാട് മേഖലയിൽ മുൻപും കരടിയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. ഈ വനമേഖലയിൽ കരടിയുണ്ട്. കരടിയുടെ ആക്രമണത്തിൽ നടപടി വേണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ അനുകൂല നടപടിയുണ്ടായിട്ടില്ല. കാട്ടുപോത്ത്, കുരങ്ങ്, ആന, പുലി എന്നിവയ്ക്കുപുറമേയാണ് മേഖലയിൽ കരടിയുടെ സാന്നിധ്യവും ഭീതി പരത്തുന്നത്. തെരുവുനായ്ക്കളെ പുലി ആക്രമിച്ചതായി നാട്ടുകാരിൽ പലരും പറയുന്നുണ്ട്. വലിയരീതിയിൽ വന്യമൃഗ ശല്യമുള്ള മേഖലയാണിതെന്നും നാട്ടുകാർ പറയുന്നു.