മാന്നാർ കല വധക്കേസ്: മുഖ്യപ്രതി അനിലിന്റെ ഇസ്രയേലിലെ താമസസ്ഥലം തിരിച്ചറിഞ്ഞു
Mail This Article
ആലപ്പുഴ∙ മാന്നാറിൽ 15 വർഷം മുൻപു കാണാതായ ഇരമത്തൂർ സ്വദേശി കലയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒന്നാംപ്രതി അനിൽ ഇസ്രയേലിലുണ്ടെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. കലയുടെ ഭര്‍ത്താവായ അനിൽ കഴിഞ്ഞ മൂന്നുമാസമായി ഇസ്രയേലിൽ താമസിച്ചിരുന്ന സ്ഥലം തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. ഇയാളെ തിരിച്ച് നാട്ടിെലത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. അനിൽ സ്വയം നാട്ടിലെത്തുമെന്നാണ് പൊലീസ് കരുതുന്നത്. അല്ലെങ്കിൽ തിരച്ചിൽ വാറന്റും നോട്ടിസും പുറപ്പെടുവിക്കാനാണ് നീക്കം.
അറസ്റ്റിലായ സോമരാജൻ, കെ.സി. പ്രമോദ്, ജിനു ഗോപി എന്നിവരെ ആറുദിവസത്തേക്ക് പൊലീസിന് കസ്റ്റഡിയിൽ വിട്ടുകിട്ടി. തുടർന്ന് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടന്ന ചോദ്യംചെയ്യലിൽ പെരുമ്പുഴ പാലത്തിൽനിന്ന് കലയുടെ മൃതദേഹം ആറ്റിലേക്ക് തള്ളാൻ ശ്രമം നടത്തിയിരുന്നെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ അവിടെ ആളുകൾ വന്നുംപോയുമിരുന്നതിനാൽ ശ്രമം ഉപേക്ഷിച്ചുവെന്നും സെപ്റ്റിക് ടാങ്കിൽ മറവുചെയ്യാൻ തീരുമാനിച്ചെന്നുമാണ് മൊഴി.
കസ്റ്റഡിയിലുള്ള മൂന്നു പ്രതികളുടെയും അനിലിന്റെയും വീടിനടുത്തെ ചതുപ്പ് നിറഞ്ഞ പ്രദേശത്തും വ്യാഴാഴ്ച പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. സെപ്റ്റിക് ടാങ്കിൽനിന്ന് മൃതദേഹാവശിഷ്ടങ്ങൾ തിരയാൻ പൊലീസിനെ സഹായിച്ച തിരുവല്ല സ്വദേശി സോമൻ എന്നയാളും പൊലീസിനൊപ്പമുണ്ടായിരുന്നു. ഇവിടെ യന്ത്രസഹായത്തോടെ തിരച്ചിൽ നടത്തുമെന്നാണ് സൂചന.