ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് രാജിവച്ചു, പുതിയ അധ്യായത്തിന്റെ തുടക്കമെന്ന് കെയ്ർ സ്റ്റാർമർ
Mail This Article
ലണ്ടൻ∙ പാർലമെന്റ് തിരഞ്ഞെടുപ്പിലെ വൻ തോൽവിക്കു പിന്നാലെ ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഋഷി സുനക്. ചാൾസ് മൂന്നാമൻ രാജാവുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷമാണ് ഋഷി സുനക് പ്രധാനമന്ത്രി സ്ഥാനം രാജി വച്ചതായി പ്രഖ്യാപിച്ചത്. നേരത്തെ, തിരഞ്ഞെടുപ്പിലെ വൻ വിജയത്തിനു പിന്നാലെ ലേബർ പാർട്ടി നേതാവും നിയുക്ത പ്രധാനമന്ത്രിയുമായ കെയ്ർ സ്റ്റാർമറും ചാൾസ് മൂന്നാമനും കൂടിക്കാഴ്ച് നടത്തിയിരുന്നു.
2022 ഒക്ടോബറിൽ ലിസ് ട്രസ് രാജിവച്ചതിനു പിന്നാലെയാണ് ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടിഷ് പ്രധാനമന്ത്രി പദവിയിലേക്ക് എത്തിയത്. 2022 ഒക്ടോബർ 25നാണ് ഋഷി സുനക് പദവി ഏറ്റെടുത്തത്. തുടർന്ന് ഒരു വർഷവും 255 ദിവസവും ഋഷി സുനക് പദവിയിൽ തുടർന്നു. ചാള്‍സ് മൂന്നാമൻ രാജാവിന്റെ കീഴിൽ ബ്രിട്ടിഷ് പ്രധാനമന്ത്രിയാകുന്ന രണ്ടാമത്തെയാളാണ് ഋഷി സുനക്.
അതേസമയം, ബ്രിട്ടനിൽ പുതിയ അധ്യായത്തിനു തുടക്കം കുറിക്കുന്നതായി നിയുക്ത പ്രധാനമന്ത്രിയും ലേബർ പാർട്ടി നേതാവുമായ കെയ്ർ സ്റ്റാർമർ അറിയിച്ചു. നവീകരണത്തിന്റെ ഘട്ടത്തിലേക്കു രാജ്യത്തെ നയിക്കുകയാണു തന്റെ ലക്ഷ്യമെന്നും മാറ്റത്തിന്റെ നാളുകളാണു വരാനിരിക്കുന്നതെന്നും സ്റ്റാർമർ തിരഞ്ഞെടുപ്പു വിജയത്തിനു ശേഷം ലണ്ടനിൽ നടത്തിയ പ്രസംഗത്തിൽ അറിയിച്ചു.