പ്രതിപക്ഷത്തിനു പ്രസംഗിക്കാൻ കൂടുതൽ സമയമെന്ന് ഭരണപക്ഷം; സഭയിൽ സ്പീക്കർ–മന്ത്രി വാക്പോര്
Mail This Article
തിരുവനന്തപുരം∙ പ്രതിപക്ഷത്തിനു പ്രസംഗിക്കാൻ കൂടുതൽ സമയം നൽകുന്നെന്ന് ആരോപിച്ച് നിയമസഭയിൽ സ്പീക്കർ എ.എൻ. ഷംസീറും മുൻ സ്പീക്കർ കൂടിയായ മന്ത്രി എം.ബി. രാജേഷും കൊമ്പുകോർത്തു. റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിച്ച മുസ്‌ലിം ലീഗിലെ നജീബ് കാന്തപുരത്തിന് 16.22 മിനിറ്റ് സമയം അനുവദിച്ച സ്പീക്കറുടെ നടപടിയെയാണ് എം.ബി. രാജേഷ് ചോദ്യം ചെയ്തത്. മന്ത്രിമാർ സംസാരിക്കുമ്പോൾ പോലും സ്പീക്കർ സമയക്രമം കൃത്യമാണെന്ന് ഉറപ്പാക്കാറുണ്ടെന്നും അടിയന്തര പ്രമേയ നോട്ടിസ് അവതരണത്തിനു കീഴ്‌വഴക്കം ലംഘിച്ച് 16.22 മിനിറ്റ് അനുവദിച്ചെന്നുമായിരുന്നു എം.ബി. രാജേഷിന്റെ വിമർശനം.
അതേസമയം, നിയമസഭയിലെ ഡിജിറ്റൽ ക്ലോക്കിന്റെ തകരാറിനെ തുടർന്നാണ് കൂടുതൽ സമയമെടുത്തതായി കാണിച്ചതെന്നു സ്പീക്കർ വിശദീകരിച്ചു. സാധാരണ അടിയന്തര പ്രമേയ നോട്ടിസ് പരിഗണിക്കുമ്പോൾ അനുവദിക്കുന്ന 10 മിനിറ്റ് മാത്രമേ നജീബ് കാന്തപുരത്തിനും നൽകിയിട്ടുള്ളൂ. ഇക്കാര്യത്തിൽ സമയക്രമം കൃത്യമായി പാലിച്ചിട്ടുണ്ടെന്നും തനിക്കു മുന്നിലെ വാച്ചിൽ സമയം നോക്കുന്നുണ്ടെന്നും സ്പീക്കർ തിരിച്ചടിച്ചു.
ഇതിനുപിന്നാലെ അടിയന്തര പ്രമേയ നോട്ടിസിന്റെ രണ്ടാം മറുപടിക്കായി മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ സ്പീക്കർ ക്ഷണിച്ചു. ഇതിനിടയിൽ എം.ബി രാജേഷ് എഴുന്നേറ്റ് ചില കാര്യങ്ങൾ പറഞ്ഞെങ്കിലും സ്പീക്കർ മൈക്ക് അനുവദിച്ചില്ല. ഏതാനും ദിവസമായി നിയമസഭയിലെ ഡിജിറ്റൽ ക്ലോക്ക് പണിമുടക്കിലാണ്.