‘അവൻ കാരണം ഞങ്ങളിങ്ങനെ നിറഞ്ഞു നിൽക്കുവാ’: ജയിച്ചത് ബ്രിട്ടനിൽ, പടക്കം പൊട്ടിയത് കോട്ടയത്ത്
Mail This Article
കോട്ടയം∙ ഓണംതുരത്ത് ചാമക്കാല (ആഞ്ഞേൽ) വീട്ടിൽ പടക്കം പൊട്ടുന്നതു കേട്ട് അയൽക്കാരും നാട്ടുകാരും ഒന്നു ഞെട്ടി. ഈ വീട്ടിലുള്ളവരും ഞെട്ടലിൽനിന്നും ആഹ്ലാദത്തിൽനിന്നും ഇപ്പോഴും പുറത്തുവന്നിട്ടില്ല. ഇവിടുത്തെ ഇളയമകൻ സോജൻ ജോസഫ് (49) ബ്രിട്ടിഷ് പാർലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തിൽ വിജയിച്ചതിന്റെ ആഹ്ലാദമാണ് പടക്കമായും ചിരിയലകളായും ഇവിടെ നിറയുന്നത്.
മാധ്യമങ്ങൾ വീട്ടിൽ എത്തിയതോടെ ഗൃഹനാഥൻ സി.ടി.ജോസഫും (88) നിറഞ്ഞ സന്തോഷത്തിലാണ്. നാട്ടിലുള്ള അദ്ദേഹത്തിന്റെ മക്കളെല്ലാം ഇളയ സഹോദരന്റെ വിജയം ആഘോഷിക്കാൻ രാവിലെ തന്നെ എത്തിയിരുന്നു. എല്ലാവർക്കും ലഡുവും കുടിക്കാൻ മധുരപാനീയവും നൽകി സഹോദരിമാരും ഓടിനടന്നു.
“അവൻ കാരണം ഞങ്ങള്‍ എല്ലാ ചാനലിലും നിറഞ്ഞു നിൽക്കുവാ. ഇന്നേ പറ്റത്തൊള്ളല്ലൊ”- അവർ ചിരിയോടെ പറഞ്ഞു. ഇതിനിടെ പഞ്ചായത്തു പ്രസിഡന്റ് വി.കെ. പ്രദീപും വാർഡംഗം എം.മുരളിയും എത്തി. പിന്നാലെ ചില ബന്ധുക്കളും എത്തിയതോടെ വീട് ഉത്സവലഹരിയിലായി. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല എന്നിവരും ജോസഫ് ചേട്ടനെ വിളിച്ചു. ‘‘മകൻ ഈ നിലയിൽ ആയതിൽ സന്തോഷവും അഭിമാനവും”-അദ്ദേഹം അവരോടെല്ലാം പറഞ്ഞു.
മാധ്യമങ്ങളിൽനിന്നും നിർത്താതെ ഫോൺവിളികൾ എത്തിക്കൊണ്ടേയിരുന്നു. ‘‘കോട്ടയത്തിനും കേരളത്തിനുമെല്ലാം അഭിമാനമല്ലേ. ഒരു മലയാളിയല്ലേ അവിടെ പാർലമെന്റംഗം ആയത്” - വിവരം അറിഞ്ഞെത്തിയ അയൽവാസി പറഞ്ഞു.
സി.ടി.ജോസഫിന്റെയും പരേതയായ ഏലിക്കുട്ടിയുടെയും ഏഴു മക്കളിൽ ഇളയ ആളാണ് സോജൻ. കഴിഞ്ഞ മാർച്ചിലാണ് മാതാവിന്റെ ഒന്നാം ചരമവാർഷികം ആചരിക്കാൻ സോജൻ നാട്ടിലെത്തി മടങ്ങിയത്. ഇനിയുള്ള സോജന്റെ വരവ് ഗംഭീര ആഘോഷമാക്കാൻ തയാറെടുക്കുകയാണ് വീട്ടുകാരും നാടും.
ലേബർ പാർട്ടിയുടെ സ്ഥാനാർഥിയായ സോജൻ ജോസഫ് ആഷ്ഫെഡ് മണ്ഡലത്തിൽ നിന്നാണ് വിജയിച്ചത്. ബ്രിട്ടിഷ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളിയാണ് സോജൻ. ആഷ്ഫെഡ് ബറോ കൗൺസിലിലെ കൗൺസിലറും എൻഎച്ച്എസിൽ മെന്റൽ ഹെൽത്ത് നഴ്സിങ് മേധാവിയുമാണ് സോജൻ ജോസഫ്.