‘പെറ്റി കേസുകളാണ് ക്രിമിനൽ കേസുകളെന്ന് പറയുന്നത്’: എകെജി സെന്റർ ആക്രമണക്കേസിൽ പ്രതിഭാഗം, വിധി ഇന്ന്
Mail This Article
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണ കേസിലെ രണ്ടാം പ്രതി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുഹൈൽ ഷാജഹാന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ശ്രീലക്ഷമി ഉത്തരവ് പറയും. കസ്റ്റഡിയിൽ ലഭിച്ച പ്രതിയുടെ പക്കൽനിന്നും കുറ്റകൃത്യത്തെ സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചു. എന്നാൽ പാസ്പോർട്ടിനെ കുറിച്ചോ, ഗുഢാലോചന നടത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ എന്നീ കാര്യങ്ങളെ കുറിച്ചോ പറയാൻ പ്രതി സഹകരിച്ചില്ലെന്നും പ്രതിക്ക് ജില്ലയിലെ പല പൊലീസ് സ്റ്റേഷനുകളിലായി 11 ക്രിമിനൽ കേസുകൾ ഉണ്ടെന്നും ഒളിവിൽ പോയ പ്രതിക്ക് ജാമ്യം അനുവദിച്ചാൽ അത് കേസിനെ ബാധിക്കുമെന്നും പ്രോസിക്യൂട്ടർ കല്ലമ്പള്ളി മനു കോടതിയിൽ വാദിച്ചു.
പ്രതി കേസിൽ നിരപരാധി ആണെന്നും അന്വേഷണത്തോടു സഹകരിച്ചതു കൊണ്ടാണ് കേസിൽ നിർണായക തെളിവു ലഭിച്ചതെന്നും പ്രതിഭാഗം വാദിച്ചു. ‘‘പാസ്പോർട്ട് പൊലീസ് ആവശ്യപ്പെട്ടില്ല, ആവശ്യപ്പെട്ടിരുന്നെങ്കിൽ നൽകുമായിരുന്നു, പാസ്പോർട്ട് കോടതിയിൽ നൽകാൻ തയാറാണ്. വിദേശത്ത് പോകുവാൻ ശ്രമിച്ചത് ഭാര്യയുടെ ജോലി സംബന്ധമായ ആവശ്യങ്ങൾക്കാണ്. പെറ്റി കേസുകളാണ് ക്രിമിനൽ കേസുകൾ എന്ന് പറയുന്നത്. ഉപാധികളോടെ ജാമ്യം നൽകണം’’– പ്രതിഭാഗം കോടതിയിൽ ബോധിപ്പിച്ചു.
എന്നാൽ സംസ്ഥാനത്ത് ഉടനീളം അക്രമങ്ങളും ക്രമസമാധാന പ്രശ്നങ്ങളും ഉണ്ടാക്കുന്നതിന് ശ്രമിച്ച കേസിലെ പ്രധാനിയാണ് സുഹൈൽ എന്നാണു പൊലീസ് കസ്റ്റഡി അപേക്ഷയിൽ പറയുന്നത്. ജൂൺ 30ന് രാത്രി 11.25ന് എകെജി സെന്റർ ഭാഗത്ത് എത്തി ബോംബ് എറിഞ്ഞു ഭീതിപരത്തി എന്നാണു ക്രൈംബ്രാഞ്ച് കേസ്. കേസിലെ ഒന്നും മൂന്നും പ്രതികളായ ജിതിൻ, നവ്യ എന്നിവർക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.