സിഐടിയു അതിക്രമം: 10 പേർക്കെതിരെ കേസ്, ചികിത്സയിൽ കഴിയുന്ന തൊഴിലാളിയുടെ മൊഴിയെടുത്തു
Mail This Article
മലപ്പുറം∙ മലപ്പുറത്ത് സിഐടിയുക്കാരെ ഭയന്നോടിയ തൊഴിലാളിക്കു ഗുരുതര പരുക്കേറ്റ സംഭവത്തിൽ ചങ്ങരംകുളം പൊലീസ് കേസെടുത്തു. കണ്ടാലറിയുന്ന പത്തുപേർക്കെതിരെയാണു കേസെടുത്തിരിക്കുന്നത്. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പരുക്കേറ്റ കൊല്ലം പത്തനാപുരം സ്വദേശി ഫയാസ് ഷാജഹാനനിൽ നിന്നു വിവരങ്ങൾ ശേഖരിച്ച ശേഷമാണു കേസ് റജിസ്റ്റർ ചെയ്തത്. സിഐടിയു പ്രാദേശിക നേതാക്കളും കേസിൽ പ്രതികളായേക്കുമെന്നാണു സൂചന. പട്ടികയും ട്യൂബ് ലൈറ്റുകളും ഉപയോഗിച്ച് ആക്രമിച്ചെന്നു മൊഴിയിൽ പറയുന്നുണ്ട്. സിഐ ബെന്നി ജേക്കബിന്റെ നേതൃത്വത്തിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
നോക്കുകൂലി ആവശ്യപ്പെട്ടു സംഘടിച്ചെത്തിയ സിഐടിയു തൊഴിലാളികളുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെടാനായി കെട്ടിടത്തിനു മുകളിൽനിന്നു ചാടിയ നിർമാണത്തൊഴിലാളി തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. സംഭവം നടന്ന കെട്ടിടത്തിൽ നിന്ന് ഏകദേശം 6 മീറ്റർ അകലെയുള്ള കെട്ടിടത്തിലേക്കാണു പാതിരിക്കൽ ലക്ഷംവീട്ടിലെ ഫയാസ് ഷാജഹാൻ (21) ചാടിയത്. മൂന്നാം നിലയിലേക്കു വീണതിനാൽ പരുക്കുകളോടെ രക്ഷപ്പെട്ടു. കെട്ടിടത്തിന്റെ താഴേക്കു വീണിരുന്നെങ്കിൽ വൻദുരന്തം സംഭവിക്കുമായിരുന്നു. ഫയാസ് ഉൾപ്പെടെ 9 തൊഴിലാളികൾക്കു നേരെ മുപ്പതോളം ചുമട്ടുതൊഴിലാളികളാണു ഭീഷണിയുമായെത്തിയത്. കെട്ടിട നിർമാണം കരാർ എടുത്തയാൾ പറഞ്ഞതനുസരിച്ചാണു സാധനങ്ങൾ ഇറക്കിയതെന്നു തൊഴിലാളികൾ പറഞ്ഞു. സാധനങ്ങൾ എത്തുന്ന സമയത്തു ചുമട്ടുതൊഴിലാളികളാരും പരിസരത്ത് ഇല്ലായിരുന്നുവെന്നും പറയുന്നു. കരാറെടുത്തവരുടെ നിർദേശപ്രകാരം ജോലിയെടുക്കുന്നവരാണു തൊഴിലാളികൾ എന്നറിഞ്ഞിട്ടും സംഘടിച്ചെത്തിയവർ ഇവരെ മർദിക്കുകയായിരുന്നു.
മർദനത്തിൽനിന്നു രക്ഷപ്പെടാൻ മുകളിലേക്ക് ഓടിയ ഫയാസ്, പിന്നാലെ അക്രമിസംഘം വരുന്നുണ്ടെന്ന പരിഭ്രാന്തിയിൽ പെയിന്റിങ്ങിനായി കെട്ടിയ കമ്പിയിൽ പിടിച്ച് ഊഴ്ന്നിറങ്ങി അടുത്ത കെട്ടിടത്തിലേക്കു ചാടുകയായിരുന്നു. കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്കു പതിച്ചെങ്കിലും ഇരുകാലുകൾക്കും ഗുരുതര പരുക്കേറ്റു. പരുക്കേറ്റ കാലുമായി അരമണിക്കൂറിലേറെ നേരം ഫയാസ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ കിടന്നു. ചർച്ചകൾക്കുശേഷം ബഹളം അവസാനിച്ചപ്പോഴാണു ഫയാസിന്റെ നിലവിളി കൂടെയുണ്ടായിരുന്ന തൊഴിലാളികൾ കേട്ടത്. രോഗിയായ പിതാവ് ഉൾപ്പെടെയുള്ള കുടുംബത്തിന്റെ ആശ്രയമാണ് ഫയാസ്. ഈ കെട്ടിടത്തിലെ ജോലികളുമായി ബന്ധപ്പെട്ടാണ് എടപ്പാളിൽ എത്തിയത്.
സിഐടിയു തൊഴിലാളികൾ ഭീഷണിപ്പെടുത്തി എന്ന വാർത്ത തെറ്റാണെന്നു സിഐടിയു മലപ്പുറം ജില്ലാ പ്രസിഡന്റ് എംബി ഫൈസൽ പറഞ്ഞു. നിയമപരമായി തൊഴിലെടുക്കാൻ അവകാശപ്പെട്ടവരാണു സിഐടിയു തൊഴിലാളികളെന്നും അവരെടുക്കുന്ന തൊഴിൽ നിയമവിരുദ്ധമായി എടുക്കുന്നതു ശരിയല്ലെന്നും പറയുന്നതിനു വേണ്ടിയാണു സിഐടിയു തൊഴിലാളികൾ സംഭവസ്ഥലത്തെത്തിയത്. കെട്ടിട ഉടമയുമായും മറ്റും സംസാരിച്ച് ഈ വിഷയത്തിൽ വ്യക്തത വരുത്തുകയാണുണ്ടായത്. പരുക്കേറ്റ ഫയാസ് ഷാജഹാനെ സിഐടിയു തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കട്ടെയെന്ന് പറഞ്ഞ ഫൈസൽ കുറ്റക്കാരുണ്ടെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും അറിയിച്ചു.