ഇറാന് പുതിയ പ്രസിഡന്റ്: റിഫോമിസ്റ്റ് സ്ഥാനാർഥി മസൂദ് പെസെസ്കിയാന് വിജയം
Mail This Article
ടെഹ്റാൻ ∙ ഇറാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിഫോമിസ്റ്റ് സ്ഥാനാർഥിയായ മസൂദ് പെസെസ്കിയാനു വിജയം. ജൂൺ 28നു നടന്ന വോട്ടെടുപ്പിൽ ഒരു സ്ഥാനാർഥിക്കും ജയത്തിനാവശ്യമായ 50% വോട്ടു കിട്ടാത്തതിനെ തുടർന്നാണ് ഇന്നലെ വീണ്ടും വോട്ടെടുപ്പ് നടത്തിയത്. വോട്ടെടുപ്പിൽ മിതവാദിയായ പാർലമെന്റ് അംഗം മസൂദ് പെസസ്കിയാന് 1.6 കോടി വോട്ടുകളും യാഥാസ്ഥിതികപക്ഷ സ്ഥാനാർഥി സയീദ് ജലീലിക്ക് 1.3 കോടി വോട്ടുകളും ലഭിച്ചു. പ്രസിഡന്റ് ഇബ്രാഹിം റഈസി കഴിഞ്ഞ മാസം ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതിനെ തുടർന്നാണ് ഇറാനിൽ ഇടക്കാല തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ഹൃദയശസ്ത്രക്രിയ വിദഗ്ധനും ദീർഘകാല എംപിയുമാണ് പെസെസ്കിയാൻ. ഗാസയിലെ ഇസ്രയേൽ – ഹമാസ് യുദ്ധം, ഇറാന്റെ ആണവ പദ്ധതി, ഇറാൻ – യുഎസ് ബന്ധം തുടങ്ങിയവയാണു പുതിയ പ്രസിഡന്റിനെ കാത്തിരിക്കുന്ന വെല്ലുവിളികൾ.
പെസെസ്കിയാനെ പിന്തുണച്ച് ഇറാനിയൻ തെരുവുകളിൽ നടക്കുന്ന ആഘോഷപ്രകടനത്തിന്റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ട്.
കുറച്ചുവർഷങ്ങളായി ഇറാനിലെ തിരഞ്ഞെടുപ്പുകളിൽ വോട്ടു ചെയ്യുന്നവരുടെ എണ്ണം വളരെ കുറഞ്ഞുവരികയാണ്. ജൂൺ 28ന് നടന്ന വോട്ടെടുപ്പിലേത് 1979ലെ ഇസ്‌ലാമിക വിപ്ലവത്തിനുശേഷം രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന വോട്ടിങ് ശതമാനമെന്ന നിലയിലാണ് കാണപ്പെടുന്നത്. 2021ലെ തിരഞ്ഞെടുപ്പിൽ 48% പേർ മാത്രമാണ് വോട്ടു രേഖപ്പെടുത്തിയത്. ഈ മാർച്ചിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തത് വെറും 41% പേർ മാത്രമായിരുന്നു.