ഹാഥ്റസ് ദുരന്തത്തിൽ അന്വേഷണ സംഘം ഭോലെ ബാബയെ ചോദ്യം ചെയ്തതായി സൂചന; മുഖ്യപ്രതി പിടിയിൽ
Mail This Article
ന്യൂഡൽഹി ∙ ഹാഥ്റസ് ജില്ലയിലെ ഫുൽറയി ഗ്രാമത്തിൽ ചൊവ്വാഴ്ച പ്രാർഥനാ യോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിക്കാനിടയായ കേസിൽ, യോഗത്തിനു നേതൃത്വം നൽകിയ നാരായൺ സകർ വിശ്വഹരി ഭോലെ ബാബയെ പൊലീസ് ചോദ്യം ചെയ്തതായി സൂചന. മെയിൻപുരിയിലെ ആശ്രമം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘമാണ് ഭോലെ ബാബയെ ചോദ്യം ചെയ്തതെന്നാണ് വിവരം. ആശ്രമത്തിലുണ്ടായിരുന്ന രണ്ട് വാഹനങ്ങളും ചില സുപ്രധാന രേഖകളും പിടിച്ചെടുത്തതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ അന്വേഷണസംഘം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം, കേസിലെ മുഖ്യപ്രതി ദേബ് പ്രകാശ് മധുകർ ഇന്നലെ രാത്രി ഡൽഹി പൊലീസിൽ കീഴടങ്ങിയതായും തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു. വിഡിയോ സന്ദേശത്തിലാണ് അഭിഭാഷകൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ഒളിവിൽ കഴിയുന്ന മധുകറിനെ കുറിച്ച് വിവരം നൽകുന്നവർക്ക് ഉത്തർപ്രദേശ് പൊലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പ്രാർഥനാച്ചടങ്ങിന്റെ സംഘാടകർ ഉൾപ്പെടെ 2 സ്ത്രീകളടക്കം 6 പേരെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രാർഥനാ യോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിക്കാനിടയായതിൽ, സംഘാടകർക്കു പങ്കുണ്ടെന്നതിനു തെളിവു ലഭിച്ചതായി പൊലീസ് വെളിപ്പെടുത്തിയിരുന്നു. ഇതിനകം 90 പേരുടെ മൊഴി രേഖപ്പെടുത്തിയതായി പ്രത്യേക അന്വേഷണ സംഘത്തിനു നേതൃത്വം നൽകുന്ന ആഗ്ര അഡീഷനൽ ഡിജിപി അനുപം കുലശ്രേഷ്ഠ പറഞ്ഞു. അന്വേഷണ പുരോഗതി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അറിയിച്ചിട്ടുണ്ട്. കൂടുതൽ സംഘാടകർ കേസിൽ പ്രതികളാകുമെന്നു പൊലീസ് അറിയിച്ചു.