ADVERTISEMENT

#PortToBSNL പെട്ടെന്നു ട്രെൻഡിങ്ങായ ഈ ഹാഷ്ടാഗ് കണ്ട് ബിഎസ്എൻഎൽ ജീവനക്കാർ അദ്ഭുതപ്പെട്ടു. ‘എനിക്കു വട്ടായതാണോ നാട്ടുകാർക്ക് മൊത്തം വട്ടായതാണോ’ എന്ന സലിംകുമാർ ട്രോൾ പോലെയായി ബിഎസ്എൻഎൽ. നാട്ടുകാർക്ക് പെട്ടെന്നു ബിഎസ്എൻഎൽ സ്നേഹം വരാൻ കാരണം ഒന്നേയുള്ളൂ, ജൂലൈ 3, 4 തീയതികളിലായി, ഇന്ത്യയിലെ പ്രധാന ടെലികോം സേവന ദാതാക്കളായ ജിയോ, എയർടെൽ, വൊഡാഫോൺ എന്നിവ താരിഫ് നിരക്കിൽ വർധന വരുത്തി. നിരക്കു കൂട്ടാതിരുന്ന ബിഎസ്എൻഎലിനോടു പെട്ടെന്നു സ്നേഹം വരുന്നതു സ്വാഭാവികം.

ടെലികോം താരിഫ് വർധന രാജ്യത്ത് വിവാദങ്ങൾക്കും കാരണമായി. താരിഫ് വർധനയ്ക്ക് എതിരെ കോൺഗ്രസ് രംഗത്തു വന്നു. എന്നാൽ ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ നിബന്ധനകൾക്ക് അനുസൃതമായാണു നിരക്കു വർധനയെന്ന വിശദീകരണവുമായി കേന്ദ്ര ടെലികോം മന്ത്രാലയം രംഗത്തെത്തി. എന്താകും ടെലികോം കമ്പനികൾ നിരക്കു വർധിപ്പിക്കാൻ കാരണം ? 

∙ പ്രതീക്ഷിച്ച താരിഫ് വർധന 

ടെലികോം കമ്പനികൾ താരിഫിൽ വർധന പ്രഖ്യാപിക്കുമെന്നതു ബിസിനസ് രംഗം പ്രതീക്ഷിച്ച കാര്യമാണ്. എത്ര ശതമാനം വർധന എന്നതിൽ മാത്രമായിരുന്നു ആകാംക്ഷ. ജിയോ 12 മുതൽ 25 ശതമാനം വരെയും എയർടെൽ 11 മുതൽ 21 ശതമാനം വരെയും വിഐ 10 മുതൽ 21 ശതമാനം വരെയുമാണു താരിഫ് വർധിപ്പിച്ചത്. 5 ജി സേവനങ്ങൾ തുടങ്ങിയിട്ടും കമ്പനികൾ താരിഫ് വർധന വരുത്തിയിരുന്നില്ല. കൂടാതെ, ജിയോയുടെ വരവോടെ ആരംഭിച്ച ഡേറ്റ യുദ്ധത്തിൽ പിടിച്ചു നിൽക്കാൻ താരിഫിൽ കാര്യമായ വർധന വരുത്താൻ കമ്പനികൾ തയാറായതുമില്ല. 

5 ജി സേവനങ്ങൾ രാജ്യവ്യാപകമാക്കുന്നതിന്റെ ഭാഗമായി വലിയ നിക്ഷേപങ്ങൾ ടെലികോം കമ്പനികൾക്കു വേണ്ടി വരുന്നുണ്ട്. ഇതിനൊപ്പം 5ജി സ്പെക്ട്രം ലേലത്തുകയും താരിഫ് വർധനയ്ക്കു കാരണമായി. ജിയോ തന്നെ താരിഫ് വർധിപ്പിച്ചതോടെ മറ്റു കമ്പനികൾക്കും താരിഫ് വർധന ബുദ്ധിമുട്ടില്ലാതെ നടപ്പാക്കാനായി. ARPU റേറ്റ് (Avarage Revenue Per User) വർധിപ്പിച്ച് സാമ്പത്തിക സുസ്ഥിരത കൈവരിക്കാനും താരിഫ് വർധന വഴി ലക്ഷ്യമിടുന്നു. ഒരു കമ്പനിയുടെ ആകെ വരുമാനം ഉപയോക്താക്കളുടെ എണ്ണം കൊണ്ടു ഹരിച്ചാൽ കിട്ടുന്ന റേറ്റാണ് ARPU. 

കൂടാതെ, ടെലികോം ഉപയോക്താക്കളുടെ എണ്ണത്തിൽ വലിയൊരു കുതിച്ചു ചാട്ടം ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷ കമ്പനികൾക്ക് ഇല്ല. റിലയൻസ് 4ജി അവതരിപ്പിച്ചപ്പോഴാണു ഡേറ്റ ഉപയോഗത്തിൽ ഇന്ത്യയിൽ കുതിച്ചു ചാട്ടമുണ്ടായത്. സൗജന്യമായും ചെറിയ നിരക്കിലും റിലയൻസ് ജിയോ 4ജി അവതരിപ്പിച്ചപ്പോൾ വലിയൊരു സമൂഹമാണു ഡേറ്റ ഉപയോഗിച്ചു തുടങ്ങിയത്. പ്രതിദിന ഡേറ്റ ഉപയോഗം കുതിച്ചുയർന്നതും ഇക്കാലത്താണ്. ഈ ഉപയോക്താക്കളെ നിലനിർത്തി മുന്നോട്ടു പോകാനാണ് ഇപ്പോൾ ടെലികോം കമ്പനികളുടെ ശ്രമം. 5 ജി എക്സ്ക്ലൂസീവ്  പ്ലാനുകളിലേക്കും കമ്പനികൾ ഉടൻ കടന്നേക്കും. 

∙ ബിഎസ്എൻഎലിന് എന്തു പറ്റി?

പെട്ടെന്നു താരിഫ് വർധനയിലേക്കു ബിഎസ്എൻഎൽ കടക്കുമോ? എല്ലാവരുടെയും കണ്ണുകൾ ഈ ചോദ്യത്തിലാണ്. വയർലെസ് കണക്‌ഷനിൽ 4ജി രാജ്യവ്യാപകമായി അവതരിപ്പിക്കാൻ ഇതു വരെ സാധിക്കാത്ത ബിഎസ്എൻഎൽ താരിഫ് വർധിപ്പിക്കുന്നത് ആത്മഹത്യാപരമാണെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്. ഈ വർഷം തന്നെ 4ജി രാജ്യവ്യാപകമായി അവതരിപ്പിക്കാനുള്ള ശ്രമത്തിലാണു ബിഎസ്എൻഎൽ. ഇതിനുള്ള ഉപകരണങ്ങൾ ടവറുകളിൽ ഘടിപ്പിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ബിഎസ്എൻഎൽ ഫൈബർ കണക്‌ഷനാണ് ഇപ്പോൾ കൂടുതൽ ആവശ്യക്കാരുള്ളത്.

∙ 100 കോടി ടെലികോം ഉപയോക്താക്കൾ 

ട്രായിയുടെ പുതിയ കണക്ക് പ്രകാരം വയർലെസ്, വയർ കണക്‌ഷനുകൾ ഉപയോഗിക്കുന്ന സബ്സ്ക്രൈബർമാർ 119.93 കോടിയാണ്. സ്റ്റാറ്റിസ്റ്റ ഡേറ്റ സർവീസിന്റെ 2023ലെ കണക്ക് പ്രകാരം ചൈന മാത്രമാണ് ഇക്കാര്യത്തിൽ ഇന്ത്യയ്ക്കു മുന്നിൽ. യുഎസ്, റഷ്യ, ബ്രസീൽ തുടങ്ങിയ വലിയ രാജ്യങ്ങൾ ഇന്ത്യയ്ക്കു പിന്നിലാണ്. 100 പേരിൽ 68 പേർ ഇന്ത്യയിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നു എന്നാണു ട്രായിയുടെ കണക്ക്. 

ഇന്റർനെറ്റ് ചെലവ് ഇന്ത്യയിൽ കുറവോ?

ഇന്ത്യയിൽ ഇന്റർനെറ്റ് ചാർജ് മറ്റു വലിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണെന്നു cable.co.uk യുടെ ഡേറ്റ വ്യക്തമാക്കുന്നു. 0.16 ഡോളർ (13.36 രൂപ) ആണ് ഇന്ത്യയിൽ ഒരു ജിബി ഡേറ്റയ്ക്ക് ശരാശരി നൽകേണ്ടി വരുന്ന തുക. ഇവരുടെ കണക്കുപ്രകാരം ഏറ്റവും കുറഞ്ഞ താരിഫുള്ളത് ഇസ്രയേലിൽ ആണ്. 0.02 ഡോളർ (1.66 രൂപ) ആണ് ഇസ്രയേലിൽ ഒരു ജിബി ഡേറ്റയ്ക്കു വേണ്ടി വരുന്ന ശരാശരി തുക. ഇറ്റലിയും ഫിജിയുമാണ് രണ്ടാമത്. 0.09 ഡോളർ (7,51 രൂപ) ആണ് ഇവിടെ ശരാശരി ചെലവ്. പാക്കിസ്ഥാനിൽ ഇന്ത്യയേക്കാൾ മെച്ചമാണെന്നും പഠനം പറയുന്നു. 0.12 ഡോളർ (10.01 രൂപ) ആണ് പാക്കിസ്ഥാനിലെ ശരാശരി ചെലവ്. 

English Summary:

BSNL Gains Popularity as Jio, Airtel, and Vodafone Raise Tariffs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com