നിർബന്ധിത ആർത്തവ അവധി വിപരീതഗുണം ചെയ്യും: ഹർജി തള്ളി സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി∙ സ്ത്രീകളുടെ ആർത്തവ അവധിക്കായി നയം രൂപീകരിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി. ഇത്തരം നിർബന്ധിത അവധി സ്ത്രീകൾക്കു ജോലി നൽകാനുള്ള താൽപര്യം തൊഴിലുടമകളിൽ ഇല്ലാതാക്കുമെന്നു കോടതി പറഞ്ഞു. ഇതു വിപരീത ഗുണം ചെയ്യുമെന്നും കോടതി തീരുമാനിക്കേണ്ട വിഷയമല്ലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കി.
‘‘എങ്ങനെയാണ് ഇത്തരം അവധികൾ സ്ത്രീകളെ കൂടുതൽ തൊഴിലവസരങ്ങൾ ഉപയോഗപ്പെടുത്താൻ പ്രാപ്തരാക്കുന്നത്? അവധികൾ നിർബന്ധമാക്കുന്നത് അവരെ തൊഴിൽ മേഖലയിൽനിന്ന് അകറ്റും. സംരക്ഷിക്കാനുള്ള ശ്രമങ്ങൾ സ്ത്രീകൾക്കു ദോഷം ചെയ്യുന്നതാകും. ഇതു സർക്കാരിന്റെ നയപരമായ തീരുമാനമാണ്, കോടതികൾക്കു പരിശോധിക്കാനുള്ളതല്ല’’ – ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു.
വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ആർത്തവ ദിവസങ്ങളിൽ അവധി നൽകാൻ നയം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താൽപര്യ ഹർജിയാണ് കോടതി പരിഗണിച്ചത്. കേന്ദ്ര–സംസ്ഥാന സർക്കാരുകളോട് ആർത്തവ അവധി നൽകുന്നതു സംബന്ധിച്ച നയം രൂപീകരിക്കാൻ നിർദേശിക്കണമെന്നാണു ഹർജിയിലെ ആവശ്യം. ഇതിനായി ഹര്‍ജിക്കാരനു വേണമെങ്കിൽ വനിതാ ശിശുക്ഷേമ മന്ത്രാലയത്തെ സമീപിക്കാമെന്നു സുപ്രീം കോടതി പറഞ്ഞു.