ഹാരിസിന്റെ കാത്തിരിപ്പ് അവസാനിക്കുന്നു; ജെ.സി.ഡാനിയേലിനു ചിത്രാഞ്ജലിയിൽ പ്രതിമ, 2025 ഏപ്രിലിൽ അനാച്ഛാദനം
Mail This Article
തിരുവനന്തപുരം ∙ മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയേലിന് ഒടുവിൽ സ്മരണാഞ്ജലിയായി തലസ്ഥാനത്ത് പ്രതിമയുയരുന്നു. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് 80 ലക്ഷത്തോളം രൂപ ചെലവിട്ട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ പ്രതിമ നിർമിക്കുന്നത്. ജെ.സി. ഡാനിയേലിന്റെ അൻപതാം ചരമവാർഷികമായ 2025 ഏപ്രിൽ 27 ന് അനാച്ഛാദനം ചെയ്യാനാണ് സാംസ്കാരിക വകുപ്പിന്റെ പദ്ധതി.
‘വിഗതകുമാരൻ’ എന്ന, മലയാളത്തിലെ ആദ്യ സിനിമയെടുത്ത ജെ.സി.ഡാനിയേലിന്റെ പ്രതിമ തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്ന് അദ്ദേഹത്തിന്റെ ഏറ്റവും ഇളയ മകനായ ഹാരിസ് ഡാനിയേലിന്റെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു. വിഗതകുമാരൻ സിനിമയുടെ പ്രിന്റ് ആറാം വയസ്സിൽ കത്തിച്ചതിന്റെ വേദനയും കുറ്റബോധവുമായി ഹാരിസ് കൊട്ടാത്ത വാതിലുകളും കയറാത്ത മന്ത്രി മന്ദിരങ്ങളും ഇല്ലായിരുന്നു. സേലത്ത് സ്ഥിരതാമസക്കാരനായിരുന്ന ഹാരിസ് രണ്ടു വർഷം മുൻപ് ഇതിനുവേണ്ടി മാത്രം ഭാര്യയ്ക്കൊപ്പം തിരുവനന്തപുരത്തേക്കു താമസം മാറുകയായിരുന്നു. തന്റെ കണ്ണടയും മുൻപ് പിതാവിന്റെ പ്രതിമ സ്ഥാപിച്ചുകാണുക എന്നതായിരുന്നു 89 കാരനായ ഹാരിസിന്റെ ആഗ്രഹം.
ജെ.സി. ഡാനിയേലിന്റെ പ്രതിമ എത്രയും വേഗം തലസ്ഥാനത്ത് ഉയരുമെന്ന് മന്ത്രി സജി ചെറിയാൻ മനോരമ ഓൺലൈനോട് പറഞ്ഞു. ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വരാൻ പോകുന്ന മലയാള സിനിമാ മ്യൂസിയത്തിന്റെ മുന്നിലാവും പ്രതിമ സ്ഥാപിക്കുന്നതെന്ന് ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ.കരുണും പറഞ്ഞു. സർക്കാരിന്റെ തീരുമാനത്തിൽ അതിയായ സന്തോഷമുണ്ടെന്ന് ഡാനിയേലിന്റെ മകൻ ഹാരിസ് ഡാനിയേലും ഭാര്യ സുശീല ഡാനിയേലും പറഞ്ഞു.
ശനിയാഴ്ച ഹാരിസിനെയും സുശീലയെയും പങ്കെടുപ്പിച്ച് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ഉദ്യോഗസ്ഥതല യോഗം നടന്നു. ലളിതകലാ അക്കാദമിയുടെ മേൽനോട്ടത്തിലാകും പ്രതിമ നിർമിക്കുന്നത്. ഇതിനുവേണ്ടി ജെ.സി. ഡാനിയേലിന്റെ മിനിയേച്ചറുകൾ അക്കാദമി സെക്രട്ടറി ചലച്ചിത്ര വികസന കോർപറേഷനു കൈമാറും. ഇതിൽ ഡാനിയേലിന്റെ കുടുംബം അംഗീകരിക്കുന്ന രൂപത്തിലാകും പ്രതിമ സ്ഥാപിക്കുക. പ്രതിമ നിർമിക്കാൻ താൽപര്യമുള്ള രണ്ട് ശിൽപികളെയും തിരഞ്ഞെടുത്തിട്ടുണ്ട്. ചൊവാഴ്ച ലളിത കലാ അക്കദമി സെക്രട്ടറി ഷാജി എൻ.കരുണുമായി കൂടിക്കാഴ്ച നടത്തും. ഒക്ടോബറിൽ നിർമാണം ആരംഭിച്ച് ആറു മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് സാംസ്കാരിക വകുപ്പ് നൽകിയിരിക്കുന്ന നിർദേശം.
27 വർഷമായുള്ള ആവശ്യം
1992 ൽ കെ.കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെയാണ് ഡെ.സി. ഡാനിയേൽ അവാർഡ് ഏർപ്പെടുത്തിയത്. ജെ.സി. ഡാനിയേലിന്റെ പ്രതിമ തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്ന് ആദ്യം പറഞ്ഞത് 1997ൽ ഇ.കെ. നായനാരായിരുന്നു. പിന്നീട് പലതവണ ചർച്ചകൾ നടന്നെങ്കിലും മുന്നോട്ടുനീങ്ങിയില്ല. ഈ ആവശ്യവുമായി ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് ഹാരിസ് ഡാനിയേൽ മുഖ്യമന്ത്രിയെ സമീച്ചത്. അന്നത്തെ സാംസ്കാരിക മന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ വെള്ളയമ്പലത്തിനും കവടിയാറിനും ഇടയിൽ മൻമോഹൻ ബംഗ്ലാവിനു സമീപം ഇതിനായി സ്ഥലവും കണ്ടെത്തി. എന്നാൽ കാര്യങ്ങൾ മുന്നോട്ടുനീങ്ങിയില്ല. രണ്ടാം പിണറായി സർക്കാരിൽ സജി ചെറിയാനും ഇടക്കാലത്ത് സാംസ്കാരിക വകുപ്പ് കൈകാര്യം ചെയ്തിരുന്ന വി.എൻ.വാസവനും ഹാരിസിനു ഉറപ്പു നൽകിയിരുന്നെങ്കിലും പ്രതിമ നിർമാണത്തിനു ജീവൻ വയ്ക്കുന്നത് ഇപ്പോഴാണ്.