‘ഞാൻ മണിപ്പൂർ ജനതയുടെ സഹോദരൻ’: സമാധാന സന്ദേശവുമായി രാഹുൽ ഗാന്ധി മണിപ്പൂരിൽ
Mail This Article
കൊൽക്കത്ത ∙ രണ്ടാം ഭാരത് ജോഡോ യാത്രയ്ക്കു തുടക്കമിട്ട മണിപ്പുരിന്റെ മണ്ണിലേക്ക് മനുഷ്യസങ്കടങ്ങൾ ഏറ്റെടുക്കാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെത്തി. മണിപ്പുരിലെ സ്ഥിതി മാറിയിട്ടുണ്ടാകുമെന്ന പ്രതീക്ഷയിലാണു വീണ്ടുമെത്തിയതെങ്കിലും ഒരു മാറ്റവുമുണ്ടായിട്ടില്ലെന്നതു വേദനയുളവാക്കുന്നുവെന്നു പറഞ്ഞ രാഹുലിന്റെ മുന്നിൽ കലാപത്തിന്റെ ഇരകൾ ദുരിതത്തിന്റെ കെട്ടഴിച്ചു. കുക്കി-മെയ്തെയ് മേഖലകളിലെത്തിയ രാഹുലിനെ അവർ ഇരുകയ്യുംനീട്ടി സ്വീകരിച്ചു.
‘‘പ്രതിപക്ഷ നേതാവ് എന്ന നിലയിലും ഒരു സഹോദരൻ എന്ന നിലയിലും മണിപ്പുർ ജനതയെ സഹായിക്കാൻ എപ്പോഴും തയാറാണ്. എത്ര തവണ വേണമെങ്കിലും ഇവിടെ എത്താം. സർക്കാരും രാജ്യസ്നേഹികളും മണിപ്പുരിലെ ജനങ്ങൾക്ക് സ്നേഹാശ്ലേഷം നൽകണം’’– രാഹുൽ ആവശ്യപ്പെട്ടു.
കലാപം കൈകാര്യം ചെയ്ത രീതിക്കെതിരെയുള്ള പ്രതിഷേധം ഗവർണറെ അറിയിച്ചെങ്കിലും ഇക്കാര്യം രാഷ്ട്രീയവൽക്കരിക്കുന്നില്ലെന്നു രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. മണിപ്പുരിലെ ജനങ്ങൾക്ക് ആശ്വാസം നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനം സന്ദർശിക്കണമെന്നും ആവശ്യപ്പെട്ടു. ഇരുന്നൂറിലേറെപേർ കൊല്ലപ്പെടുകയും അരലക്ഷത്തിലധികംപേർ ഭവനരഹിതരാകുകയും ചെയ്ത കലാപം ആരംഭിച്ചിട്ടു 14 മാസമായെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ സംസ്ഥാനം സന്ദർശിച്ചിട്ടില്ല.
കലാപം ആരംഭിച്ചശേഷമുള്ള രാഹുലിന്റെ മൂന്നാമത്തെ മണിപ്പുർ സന്ദർശനത്തിനു മണിക്കൂറുകൾക്ക് മുൻപ് മണിപ്പുർ – അസം അതിർത്തിയിലെ ജിരിബാമിൽ സുരക്ഷാസേനയുടെ വാഹനത്തിനുനേരെ നടന്ന വെടിവയ്പ് ആശങ്കയുണ്ടാക്കി. 2 പേർ പിടിയിലായിട്ടുണ്ട്.
അസമിലെ കച്ചാർ ജില്ലയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാംപ് സന്ദർശിച്ച ശേഷമാണ് രാഹുൽ മണിപ്പുർ കലാപത്തിലെ ഇരകൾ താമസിക്കുന്ന ജിരിബാമിലെ ദുരിതാശ്വാസ ക്യാംപിലെത്തിയത്. തുടർന്നു ചുരാചന്ദ്പുരിലെയും ബിഷ്ണുപുരിലെ മൊയ്‌റാങ്ങിലെയും ക്യാംപുകൾ സന്ദർശിച്ചു.
ചുരാചന്ദ്പുരിലെ കുക്കി ക്യാംപുകൾ സന്ദർശിച്ച രാഹുലിനെ ഔട്ടർ മണിപ്പുർ എംപി ആൽഫ്രഡ് ആർതർ അനുഗമിച്ചു. മെയ്തെയ് മേഖലകളിലെ സന്ദർശനത്തിൽ ഇന്നർ മണിപ്പുർ എംപി ഡോ.ബിമൽ അക്കോയിജാം, മുൻ മുഖ്യമന്ത്രി ഇബോബി സിങ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ഒപ്പമുണ്ടായിരുന്നു.