6 ആഴ്ചയ്ക്കകം മറുപടി നൽകണം; ടി.പി വധക്കേസിൽ സർക്കാരിനും കെ.കെ. രമയ്ക്കും നോട്ടിസ്
Mail This Article
ന്യൂഡൽഹി ∙ ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതിയുടെ ശിക്ഷാവിധിക്കെതിരെ കുറ്റക്കാരായവർ നൽകിയ ഹർജികളിൽ സുപ്രീം കോടതി നോട്ടിസയച്ചു. കേരള സർക്കാർ, കെ.കെ.രമ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്കാണ് നോട്ടിസ്. 6 ആഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് ജഡ്ജിമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജിയിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്നു ബെഞ്ച് നിരീക്ഷിച്ചു. ടിപി കേസുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലെയും വിചാരണ കോടതിയിലെയും ഫയലുകൾ ഹാജരാക്കാനും ബെഞ്ച് നിർദേശിച്ചു.
ഒന്നു മുതൽ അഞ്ചു വരെ പ്രതികളായ എം.സി.അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി.കെ.രജീഷ്, കെ.കെ.മുഹമ്മദ് ഷാഫി എന്നിവരും ഏഴാം പ്രതി കെ.ഷിനോജും ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകിയതിനു പുറമേ, പ്രത്യേകാനുമതി ഹർജിയും നൽകിയിട്ടുണ്ട്. ഇവർക്കായി അഭിഭാഷകരായ രഞ്ജിത്ത് കുമാർ, ജി. പ്രകാശ് എന്നിവർ ഹാജരായി. വിചാരണക്കോടതി വിട്ടയച്ചെങ്കിലും പിന്നീടു ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ച 10–ാം പ്രതി കെ.കെ.കൃഷ്ണൻ, 12–ാം പ്രതി ജ്യോതിബാബു എന്നിവരും സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു.
ഇവർക്കായി മുൻ ജഡ്ജി എസ്. നാഗമുത്തു ഹാജരായി. അതിനിടെ 3 വർഷം തടവിനു ശിക്ഷിക്കപ്പെട്ട 31-ാം പ്രതി ലംബു പ്രദീപന് തിരികെ കീഴടങ്ങുന്നതിൽ നിന്ന് സുപ്രീം കോടതി ഇളവു നൽകി. ഹൈക്കോടതിയുടെ ശിക്ഷാ വിധിക്കെതിരെ പ്രദീപന്റെ അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അതിൽ തീരുമാനം എടുക്കുംവരെ ഇളവു വേണമെന്നാണ് പ്രദീപൻ ആവശ്യപ്പെട്ടത്.