ADVERTISEMENT

മോസ്കോ ∙ റഷ്യയുടെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സെന്റ് ആൻഡ്രൂ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ സമ്മാനിച്ചു. 2019ൽ പ്രഖ്യാപിച്ച ബഹുമതിയാണിത്. റഷ്യയുമായി നൂറ്റാണ്ടോളം പഴക്കമുള്ള സൗഹൃദത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും അടയാളമാണു തനിക്കു ലഭിച്ച ബഹുമതിയെന്നു മോദി പറഞ്ഞു. റഷ്യൻ സന്ദർശനത്തിന്റെ രണ്ടാം ദിവസം പുട്ടിനുമായി മോദി ഉഭയകക്ഷി ചർച്ച നടത്തി. ബോംബുകൾക്കും തോക്കുകൾക്കും വെടിയുണ്ടകൾക്കും മധ്യേ സമാധാന ചർച്ചകൾക്കു സ്ഥാനമില്ലെന്നു മോദി പറഞ്ഞു. ഇന്ത്യ സമാധാനത്തിന്റെ പക്ഷത്തു നിലനിൽക്കും. 10 വർഷത്തിനിടെ പുട്ടിനുമായുള്ള പതിനേഴാം കൂടിക്കാഴ്ചയാണിതെന്നും മോദി പറഞ്ഞു.

‘‘റഷ്യയുമായി നൂറ്റാണ്ട് പഴക്കമുള്ള സൗഹൃദത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും അടയാളമാണിത്. ഞങ്ങളുടെ സവിശേഷവും വിശേഷാധികാരവുമുള്ള പങ്കാളിത്തത്തിന്റെ ബഹുമതി. കഴിഞ്ഞ രണ്ടര ദശാബ്ദം നീണ്ട പുട്ടിന്റെ ഭരണത്തിൽ ഇന്ത്യയുമായുള്ള ബന്ധം എല്ലാ ദശകളിലും ശക്തി പ്രാപിക്കുകയും ഉയരങ്ങൾ കീഴടക്കുകയും ചെയ്തു. ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള നമ്മുടെ പരസ്പര സഹകരണം ജനങ്ങളുടെ ഭാവിയുടെ പ്രതീക്ഷയും ഉറപ്പുമാവുകയാണ് ’’– പരമോന്നത സിവിലിയൻ ബഹുമതി ഏറ്റുവാങ്ങിയശേഷം മോദി പറഞ്ഞു. 

റഷ്യയിലുണ്ടായ ഭീകരാക്രമണങ്ങളിൽ ദുഃഖം രേഖപ്പെടുത്തിയ മോദി, അതിന്റെ ആഴവും വ്യാപ്തിയും മനസ്സിലാകുമെന്നും 40 വർഷമായി ഇന്ത്യ ഇതേ ദുരിതം അനുഭവിക്കുകയാണെന്നും പറഞ്ഞു. മോസ്കോയിലും ഡാജെസ്താനിലും നടന്ന ഭീകരാക്രമണത്തിന്റെ വേദന ഊഹിക്കാനാകുമെന്നും ക്രെംലിനിൽ പുട്ടിനുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിൽ മോദി പറഞ്ഞു. യുക്രെയ്ൻ യുദ്ധമാരംഭിച്ച ശേഷം ആദ്യമായാണു മോദി റഷ്യ സന്ദർശിക്കുന്നത്. നിഷ്കളങ്കരായ കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നതു ഹൃദയഭേദകമാണെന്നും പുട്ടിനോടു മോദി പറഞ്ഞു. കഴിഞ്ഞദിവസം യുക്രെയ്ൻ തലസ്ഥാനമായ കീവിൽ കുട്ടികളുടെ ആശുപത്രി റഷ്യൻ ആക്രമണത്തിൽ തകർന്നെന്ന റിപ്പോർട്ടിനിടെയാണു പരാമർശം. 

യുദ്ധമായാലും ഭീകരാക്രമണമായാലും മനുഷ്യരുടെ ജീവൻ നഷ്ടപ്പെടുന്നതു മാനവികതയിൽ വിശ്വസിക്കുന്ന ഓരോരുത്തർക്കും വേദനാജനകമാണ്. കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് അതിലേറെ ഹൃദയഭേദകം. ആ വേദന വളരെ വലുതാണ്. ഇതിനെക്കുറിച്ച് നാം മുൻപും ചർച്ച നടത്തിയിട്ടുണ്ടെന്നും മോദി പറഞ്ഞു. 

രണ്ടര വർഷം പിന്നിടുന്ന റഷ്യയുടെ യുക്രെയ്ൻ ആക്രമണത്തെ ഇന്ത്യ ഇതേവരെ അപലപിച്ചിട്ടില്ല. എന്നാൽ, ‘ഇതു യുദ്ധത്തിന്റെ കാലമല്ല’ എന്ന് 2022 സെപ്റ്റംബറിൽ പുട്ടിനുമായുള്ള ചർച്ചയിൽ മോദി പറഞ്ഞിരുന്നു. തിങ്കളാഴ്ച കീവിലെ ആശുപത്രിയിൽ റഷ്യ ബോംബിട്ടതിനു പിന്നാലെ പുട്ടിനെ ആലിംഗനം ചെയ്യുന്ന ചിത്രം മോദി സമൂഹമാധ്യമത്തിൽ പങ്കുവച്ചത് പാശ്ചാത്യലോകത്തു വ്യാപക വിമർശനത്തിനു കാരണമായിരുന്നു. ‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ നേതാവ് ലോകത്തിലെ ഏറ്റവും രക്തദാഹിയായ കുറ്റവാളിയെ കെട്ടിപ്പിടിക്കുന്ന ചിത്രം വലിയ നിരാശയുണ്ടാക്കുന്നു’ എന്നാണ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പ്രതികരിച്ചത്. യുഎസും ഇന്ത്യയുടെ റഷ്യാബന്ധത്തിൽ ആശങ്ക രേഖപ്പെടുത്തി.

ഉഭയകക്ഷി ചർചയിൽ മാരിടൈം സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ചെന്നൈ – വ്ലാഡിവോസ്റ്റോക്ക് സമുദ്രപാത, ഇറാനിലെ ചാബഹാർ തുറമുഖം വഴി തെക്ക്–വടക്ക് ഗതാഗത ഇടനാഴി എന്നിവയിലൂടെയുള്ള വാണിജ്യം വിപുലീകരിക്കുന്നതിൽ തീരുമാനമായി. ഉഭയകക്ഷി വ്യാപാരത്തിനു മെച്ചപ്പെട്ട ‌വേതന സംവിധാനം കൊണ്ടുവരുന്നതും ഫലം കണ്ടു. യുഎസ് ഉപരോധ ഭീഷണി മറികടന്ന് റഷ്യയിൽനിന്ന് ഇന്ത്യ ഇന്ധനം വാങ്ങുന്നുണ്ടെങ്കിലും റഷ്യയിലേക്കുള്ള കയറ്റുമതി വർധിച്ചിട്ടില്ല. ഈ അന്തരം കുറയ്ക്കണമെന്നു മോദി കൂടിക്കാഴ്ചയിൽ അറിയിച്ചു. രണ്ടു രാജ്യങ്ങളുടെയും സൈനിക സൗകര്യം പരസ്പരം ഉപയോഗിക്കാനാകുന്ന റെസിപ്രോക്കൽ എക്സ്ചേഞ്ച് ഓഫ് ലോജിസ്റ്റിക്സ് ഉടമ്പടി പൂർത്തിയാക്കാനും തീരുമാനമായി.

2030 ഓടെ ഇന്ത്യ-റഷ്യ ഉഭയകക്ഷി വ്യാപാരം 10,000 കോടി ഡോളറാക്കാന്‍ (8.35 ലക്ഷം കോടി രൂപ) തീരുമാനിച്ചു. റഷ്യ, ബെലാറൂസ്, കസഖ്സ്ഥാന്‍, കിര്‍ഗിസ്ഥാന്‍, അര്‍മീനിയ എന്നിവരടങ്ങുന്ന യൂറേഷ്യന്‍ ഇക്കണോമിക് യൂണിയനുമായുള്ള വ്യാപാരക്കരാറില്‍ ഇന്ത്യയെ അംഗമാക്കുന്നതു സംബന്ധിച്ചും ചര്‍ച്ച നടത്തി. വരും മാസങ്ങളില്‍ തീരുമാനമുണ്ടാകും. ഹൈഡ്രോ കാര്‍ബണ്‍ മേഖലയില്‍ റോസ്‌നെഫ്റ്റുമായി സഹകരിക്കുന്നതിനെക്കുറിച്ചും സാഖലിന്‍1 പദ്ധതിയിലെ ഇന്ത്യന്‍ പങ്കാളിത്തത്തെക്കുറിച്ചും കൂടംകുളം ആണവനിലയത്തിലെ സഹകരണം തുടരുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തു. റഷ്യയുടെ കിഴക്കന്‍ മേഖല കേന്ദ്രീകരിച്ച് 2024 മുതല്‍ 2029 വരെ വ്യാപാര, സാമ്പത്തിക, നിക്ഷേപ മേഖലകളില്‍ സഹകരണത്തിനും ധാരണയായി.

English Summary:

Vladimir Putin Awards Narendra Modi with Russia's Highest Civilian Honor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com