ADVERTISEMENT

തിരുവനന്തപുരം∙ ആന്ധ്രപ്രദേശിലും എൻഡിഎ അധികാരത്തിലെത്തിയതോടെ ബിജെപി ഉത്തരേന്ത്യൻ പാർട്ടിയെന്ന ബോധപൂർവമായ പ്രചാരണം ജനം തള്ളിക്കളഞ്ഞെന്ന് ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ.പി.നഡ്ഡ. തിരുവനന്തപുരത്ത് ബിജെപി വിശാല സംസ്ഥാന നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘തെലങ്കാനയിൽ സീറ്റ് ഇരട്ടിയാക്കി. കേരളത്തിൽ ആദ്യമായി ബിജെപി വിജയം നേടി. മൂന്നാംതവണയും നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നത് ചരിത്രനേട്ടമായി. ഒഡിഷയിൽ ബിജെപി ഐതിഹാസിക വിജയം നേടി. ഭാവിയിൽ തമിഴ്നാട്ടിലും ജയിക്കും. ബിജെപി വടക്കേന്ത്യൻ പാർട്ടിയാണെന്ന പ്രചാരണം ജനം തള്ളി. ബിജെപി ഇപ്പോൾ അഖിലേന്ത്യ പാർട്ടിയാണ്. കേരളത്തിൽ ഗംഭീരമുന്നേറ്റം ഭാവിയിൽ വലിയ മാറ്റങ്ങളുണ്ടാക്കും. തിരുവനന്തപുരത്ത് 36% വോട്ട് നേടി. ആറ്റിങ്ങലിൽ വെറും 16,000 വോട്ടിനാണു പരാജയപ്പെട്ടത്. തിരുവനന്തപുരം, തൃശൂർ കോർപറേഷനുകളിൽ ബിജെപിയാണ് ലീഡ് ചെയ്തത്. 6 മുനിസിപ്പാലിറ്റികളിൽ മുന്നിലാണ്.

ലോക്സഭ തിരഞ്ഞെടുപ്പിൽ 13 സംസ്ഥാനങ്ങളിൽ കോൺഗ്രസ് സംപൂജ്യരായി. സഖ്യകക്ഷികളുടെ വോട്ടുകൊണ്ടു മാത്രം വിജയിക്കുന്ന പാർട്ടിയാണത്. ബംഗാളിൽ ഒറ്റയ്ക്കു മത്സരിച്ചപ്പോൾ തോറ്റു തുന്നം പാടി. അഴിമതി മാത്രമാണ് കോൺഗ്രസിന്റെ ആശയം. കുടുംബാധിപത്യമാണ് അവരുടെ ലക്ഷ്യം. സ്വന്തം കൊടി പോലും ഒഴിവാക്കിയാണ് വയനാട്ടിൽ മത്സരിച്ചത്. ബിജെപിക്കാർ മരണം പോലും വരിച്ച് കൊടി ഉയർത്തുന്നവരാണ്. 15,000 പാർട്ടികൾ ഇന്ത്യയിലുണ്ടെങ്കിലും ബിജെപി മാത്രമാണ് ആശയത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നത്.

2014ന് മുൻപ് രാജ്യത്ത് അഴിമതിയും ഇരുട്ടുമായിരുന്നു. ഇപ്പോൾ വെളിച്ചവും സുതാര്യതയും വന്നിരിക്കുന്നു. നിലപാടും വൈദഗ്ധ്യവുമുള്ള ഇന്ത്യയാണ് ഇന്നുള്ളത്. ശക്തനായ ഭരണാധികാരിയാണ് ഭരിക്കുന്നത്. നേരിട്ടുള്ള ആനുകൂല്യങ്ങൾ നൽകുന്നതിലൂടെ അഴിമതി ഇല്ലാതായി. സൗജന്യ റേഷനിലൂടെ ദാരിദ്ര്യം തുടച്ചു നീക്കാനായി. രാജ്യം സാമ്പത്തികമായി മുന്നേറുകയാണ്. ഏറ്റവും കൂടുതൽ വളർച്ചനിരക്കുള്ള രാജ്യമായി. ലോകത്തിന്റെ വളർച്ചനിരക്കിന്റെ 15% ഇന്ത്യയുടെ സംഭാവനയാണ്. മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മോദി സർക്കാർ ഇന്ത്യയെ മാറ്റും. കേരളത്തിൽ ദേശീയപാതാ വികസനം നടക്കുകയാണ്. റെയിൽവെയും വിമാന സർവീസും മെച്ചപ്പെട്ടു’’– നഡ്ഡ പറഞ്ഞു.

English Summary:

People reject the propaganda that BJP is the party of North India says J.P. Nadda

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com