ADVERTISEMENT

മോസ്കോ∙ റെക്കോർഡ് വേഗത്തിൽ ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്നും അതു ലോകം ശ്രദ്ധിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യയിലെ ദ്വിദിന സന്ദർശനത്തിനിടെ അവിടുത്തെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യയിൽ ഇന്ത്യ രണ്ട് കോൺസുലേറ്റുകൾ കൂടി തുറക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇന്ത്യയിലെ യുവാക്കൾ ഇപ്പോൾ വലിയ സ്വപ്നങ്ങൾ കാണുകയാണെന്നും അതു സാധ്യമാക്കുമെന്ന പ്രതിജ്ഞയെടുത്തിരിക്കുകയാണെന്നും ട്വന്റി20 ലോകകപ്പ് വിജയത്തെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

‘‘റഷ്യയിലേക്ക് തനിച്ചല്ല വന്നത്. ഇന്ത്യൻ മണ്ണിന്റെ മണവും 140 കോടി ജനങ്ങളുടെ സ്നേഹവും എനിക്കൊപ്പം കൊണ്ടുവന്നിട്ടുണ്ട്. മൂന്നാംതവണ അധികാരത്തിലെത്തിയതിനുശേഷം ആദ്യമായി ഇന്ത്യൻ സമൂഹത്തോടു സംസാരിക്കുന്നത് റഷ്യയിലാണ്. മൂന്നാംതവണ രാജ്യത്തിനായി മൂന്നിരട്ടി കഠിനാധ്വാനം നടത്തുമെന്നാണു പറയാനുള്ളത്. മൂന്നിരട്ടി ശക്തിയിലും മൂന്നിരട്ടി വേഗതയിലും രാജ്യത്തെ മുന്നോട്ടുനയിക്കും. ഒട്ടേറെ സർക്കാർ പദ്ധതികളിൽ 3 എന്ന സംഖ്യയ്ക്കു വലിയ പ്രാധാന്യമുണ്ട്. മൂന്നാംവട്ടത്തിൽ ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കി വളർത്തുകയാണു ലക്ഷ്യം. പാവപ്പെട്ടവർക്കായി 3 കോടി വീടുകൾ നിർമിക്കും, സ്ത്രീകളെ സ്വയംപര്യാപ്തരാക്കി മൂന്നുകോടി ലക്ഷാധിപതി ദീദിമാരെ സൃഷ്ടിക്കും. അവരുടെ വാർഷിക വരുമാനം ഒരു ലക്ഷത്തിന് മുകളിലാക്കും. 

കഴിഞ്ഞ 10 വർഷം കൊണ്ട് ഇന്ത്യയിലുണ്ടായ വികസനം ലോകത്തെ അമ്പരപ്പിക്കുന്നതാണ്. 10 വർഷം കൊണ്ട് വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയായി. 40,000 കിലോമീറ്ററിലധികം റെയിൽപ്പാളം വൈദ്യുതീകരിച്ചു. ഇതെല്ലാം കാണുമ്പോൾ ‘ഇന്ത്യ മാറുകയാണ്’ എന്ന് എല്ലാവരും പറയുന്നു. 140 കോടി ജനങ്ങളുടെ പിന്തുണയിൽ ഇന്ത്യ വിശ്വസിക്കുന്നു. ഇന്ത്യയെ വികസിതരാജ്യമാക്കി മാറ്റണമെന്നാണ് അവരെല്ലാം ആഗ്രഹിക്കുന്നത്. ലോകത്തിനു നിങ്ങളോടുള്ള മനോഭാവം ഇപ്പോൾ മാറിയിട്ടില്ലേയെന്നു ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പതിറ്റാണ്ടുകളായി തുടരുന്ന പ്രശ്നങ്ങൾ നമുക്കു പരിഹരിക്കാനാകും എന്ന വിശ്വാസം ഇപ്പോൾ ജനങ്ങൾക്കുണ്ട്. ആഗോള സമ്പദ്‌വ്യവസ്ഥയുടെ 15% ആണ് ഇന്ത്യ സംഭാവന നൽകുന്നത്. വരുംദിവസങ്ങളിൽ അത് ഇനിയും വർധിക്കും. ദാരിദ്ര്യ നിർമാർജനം മുതൽ കാലാവസ്ഥാമാറ്റം വരെയുള്ള വിഷയങ്ങളിൽ ഇന്ത്യ വലിയ മുന്നേറ്റമാണു നടത്തുന്നത്. 

വെല്ലുവിളികളെ വെല്ലുവിളിക്കുക എന്നത് എന്റെ ഡിഎൻഎയിലുള്ളതാണ്. വരും വർഷങ്ങളിൽ ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യ പുതിയ അധ്യായം എഴുതിച്ചേർക്കും. 10 വർഷത്തിനിടെ ആറു തവണ റഷ്യയിൽ വന്നു. 17 തവണ പുട്ടിനുമായി കൂടിക്കാഴ്ച നടത്തി. ഓരോ കൂടിക്കാഴ്ചയും ഇരുരാജ്യവും തമ്മിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിനെ കേന്ദ്രീകരിച്ചായിരുന്നു. പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും വളരുകയാണ് ഇന്ത്യ–റഷ്യ ബന്ധം. പലവട്ടം പരീക്ഷണങ്ങളിലൂടെ കടന്നുപോകേണ്ടി വന്നെങ്കിലും റഷ്യയുമായുള്ള ബന്ധം കൂടുതൽ ശക്തമായതേയുള്ളൂ. അതിനു പുട്ടിനോടു നന്ദി പറയുന്നു. യുക്രെയ്നിൽ ഇന്ത്യൻ വിദ്യാർഥികൾ കുടുങ്ങിയപ്പോൾ അവരെ തിരിച്ചു നാട്ടിലെത്തിക്കാൻ അദ്ദേഹം സഹായിച്ചു’’– മോദി പറഞ്ഞു.

English Summary:

PM Modi Russia Visit: PM Modi Says "140 Crore Indians Are Making Resurgence Of India Possible"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com