പിഎസ്‍സി അംഗത്വത്തിന് കോഴയെന്ന് ആരോപണം: പ്രാഥമിക മൊഴി രേഖപ്പെടുത്തി പൊലീസ്; നടപടിക്കൊരുങ്ങി സിപിഎം
Mail This Article
കോഴിക്കോട്∙പിഎസ്‍സി അംഗത്വത്തിനായി കോഴ വാങ്ങിയെന്ന ആരോപണത്തിൽ പരാതിക്കാരിയായ വനിതാ ഡോക്ടറുടെ ഭർത്താവിൽ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തി. ഡിജിപിയുടെ നിർദേശ പ്രകാരമാണ് പ്രാഥമിക മൊഴിയെടുപ്പ് നടത്തിയത്. കോഴ വാങ്ങിയെന്ന ആരോപണത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ മറുപടി പറഞ്ഞതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി. സംഭവത്തിൽ പ്രാഥമിക അന്വേഷണത്തിന് മുഖ്യമന്ത്രി വാക്കാൽ ഡിജിപിക്ക് നിർദേശം നൽകിയെന്നാണ് സൂചന.
പിഎസ്‍സി അംഗത്വത്തിനായി 22 ലക്ഷം രൂപ സിപിഎം നേതാവായ പ്രമോദ് കോട്ടൂളിക്ക് നൽകിയെന്നാണ് പരാതിക്കാരിയായ വനിതാ ഡോക്ടറുടെ ഭർത്താവ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഇതിൽ 20 ലക്ഷം രൂപ അംഗത്വത്തിനായും 2 ലക്ഷം രൂപ മറ്റു ചെലവുകൾക്കുമായും നൽകിയെന്നാണ് മൊഴി. കോഴ ആരോപണത്തിൽ പാർട്ടി നടപടിക്ക് പിന്നാലെ പൊലീസു കൂടി ഇടപെട്ടതോടെ വിഷയത്തിന്റെ തലം മാറുകയാണ്.
അതേസമയം, കോഴ വാങ്ങിയെന്ന് ആരോപിക്കപ്പെടുന്ന കോഴിക്കോട് ടൗൺ ഏരിയാ കമ്മറ്റി അംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായ പ്രമോദ് കോട്ടൂളിക്കെതിരെ പാർട്ടി നടപടിയെടുക്കുമെന്നാണ് സൂചന. കോഴ ആരോപണം പോലുള്ള സംഭവങ്ങൾ വച്ചു പൊറുപ്പിക്കില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ ആരോപണവിധേയനെതിരെ നടപടിയെടുക്കാൻ സംസ്ഥാന നേതൃത്വം തന്നെ ജില്ലാ നേതൃത്തിന് നിർദേശം നൽകിയെന്നാണ് സൂചന. പ്രമോദ് കോട്ടൂളിയെ വൈകാതെ തന്നെ പാർട്ടി അംഗത്വത്തിൽ നിന്ന് മാറ്റിയേക്കും.