ADVERTISEMENT

തിരുവനന്തപുരം∙ പിഎസ്‍സി നിയമനത്തിനു കോഴ വാങ്ങിയ സംഭവത്തിൽ പാർട്ടി അന്വേഷണം നടത്താൻ അത് സിപിഎമ്മിന്റെ ആഭ്യന്തരകാര്യമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. 50 ലക്ഷം കോഴ കൊടുത്ത് അംഗമാകുന്നവർ അഴിമതി നടത്തുമെന്ന് ഉറപ്പാണെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ആരോപണവിധേയനെതിരെ പാർട്ടി നടപടിയെടുക്കുമെന്നാണ് പറയുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. 

‘‘ഏരിയ കമ്മിറ്റി അംഗത്തിനു പിഎസ്‍സി അംഗത്തെ നിയമിക്കാനാകുമോ? മുഹമ്മദ് റിയാസോ മുഖ്യമന്ത്രിയോ അറിയാതെ അംഗങ്ങളെ നിയമിക്കാനാവില്ല. നിയമ വാഴ്ച കേരളത്തിൽ അട്ടിമറിക്കപ്പെടുകയാണ്. ഏത് കള പറിക്കുന്നതിനെ പറ്റിയാണ് എം.വി. ഗോവിന്ദൻ പറയുന്നത്. ഭരണഘടനാ സ്ഥാപനത്തിലേക്ക് തിരഞ്ഞെടുക്കാൻ കോഴ കൊടുക്കുന്നത് ഇന്ത്യയിൽ ആദ്യമാണ്’’ – സുരേന്ദ്രൻ പറഞ്ഞു.

കോഴ നിയമനത്തിനു കൂട്ടുനിൽക്കുന്ന ഭരണസിരാകേന്ദ്രത്തിലുള്ളവർക്കെതിരെയാണ് നടപടി വേണ്ടത്. മുഖ്യമന്ത്രി ഇതുവരെ അന്വേഷണത്തിന് ഉത്തരവിടാത്തത് സംശയാസ്പദമാണ്. ആരോപണം മുഖ്യമന്ത്രിയിലേക്കാണ് തിരിയുന്നത്. കോഴിക്കോട് കോവൂരാണ് തട്ടിപ്പിന്റെ പ്രഭവകേന്ദ്രം. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് കോടികളുടെ അഴിമതിയാണ് നടക്കുന്നത്. സിപിഐ തൊഴിലാളി സംഘടന ഉൾപ്പെടെ മാനാഞ്ചിറയിലെ കോംട്രസ്റ്റിൽ സമരം തുടരുന്നതിനു കാരണം റിയാസാണ്. പൊതുമേഖല സ്ഥാപനങ്ങൾ സംരക്ഷിക്കണമെന്ന് പറയുന്നവർ ഹോട്ടൽ ലോബിക്ക് വേണ്ടി അത് തകർക്കുകയാണ്. കോംട്രസ്റ്റ് മാറ്റി അവിടെ പഞ്ചനക്ഷത്ര ഹോട്ടൽ കൊണ്ടുവരാനാണ് നീക്കം. സിപിഎമ്മിലെ മാഫിയ സംഘമാണ് എല്ലാം നടത്തുന്നത്. പിഎസ്‌സിയുടെ വിശ്വാസത തകർക്കുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നത്. ഈർക്കിൽ പാർട്ടികൾ വരെ പിഎസ്‍സി അംഗങ്ങളെ നിയമിച്ച് പണം വാങ്ങുന്നുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

English Summary:

BJP's K. Surendran Demands Transparent Inquiry in CPM Bribe Scandal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com