കർഷകസമരത്തിനിടെ അടച്ച ശംഭു അതിർത്തി തുറക്കണമെന്ന് ഹൈക്കോടതി; തീരുമാനം അഞ്ചു മാസത്തിനു ശേഷം
Mail This Article
ന്യൂഡൽഹി ∙ കര്‍ഷകസമരത്തിന്റെ ഭാഗമായി അടച്ചിട്ട, പഞ്ചാബിനും ഹരിയാനയ്ക്കുമിടയിലെ ശംഭു അതിർത്തി തുറക്കണമെന്നു ഹരിയാന സർക്കാരിനോടു ഹൈക്കോടതി. പഞ്ചാബിലെ കർഷക സമരത്തിന്റെ ഭാഗമായി നടത്തിയ ‘ഡല്‍ഹി ചലോ’ മാർച്ച് തടയാനാണ് അതിർത്തി അടച്ചത്. പഞ്ചാബ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളെ രാജ്യതലസ്ഥാനത്തോടു ബന്ധിപ്പിക്കുന്ന ദേശീയപാത 44 ലാണു ശംഭു അതിർത്തിയുള്ളത്. അടച്ചിട്ട് അഞ്ചു മാസത്തിനു ശേഷമാണ് കോടതി നിർദേശം.
ദേശീയപാത സ്ഥിരമായി അടച്ചിടുക പ്രായോഗികമല്ലെന്നു പറഞ്ഞ പഞ്ചാബ്–ഹരിയാന ഹൈക്കോടതി, ഏഴു ദിവസത്തിനകം നടപടി വേണമെന്നു ഹരിയാന സർക്കാരിനോട് ആവശ്യപ്പെട്ടു. നിയമം പാലിക്കണമെന്നു കർഷകരോടു കോടതി പറഞ്ഞു. ഫെബ്രുവരി 10 നു സമരം ആരംഭിച്ചപ്പോൾ മുതൽ ഹരിയാന സർക്കാർ അടച്ചിട്ട അതിർത്തി സംസ്ഥാനത്തെ കർഷകരെയും വ്യവസായികളെയും പ്രതികൂലമായി ബാധിക്കുമെന്നറിയിച്ചു സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് കോടതി പരിഗണിച്ചത്.
അതിർത്തി അടച്ചത് ഹരിയാനയിലെ അംബാലയിൽനിന്നുള്ള വ്യവസായികളെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇതിനെതിരെ കഴിഞ്ഞ ദിവസം കർഷകർ പ്രതിഷേധം ശക്തമാക്കിയിരുന്നു. ‘ഡൽഹി ചലോ’ എന്ന പേരിൽ സംയുക്ത കിസാൻ മോർച്ച, കിസാൻ മസ്ദൂർ മോർച്ച (കെഎംഎം) തുടങ്ങി 17 സംഘടനകള്‍ ചേർന്നു നടത്തിയ കർഷകസമരം തടയാനാണ് അതിർത്തി അടച്ചിട്ടത്. തുടര്‍ന്നു കർഷക സംഘടനകൾ ഇവിടെ തടിച്ചുകൂടുകയും സമരം ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു. പ്രതിഷേധം കനത്തതോടെ പൊലീസ് കർഷകർക്കെതിരെ കണ്ണീർവാതകം അടക്കം പ്രയോഗിച്ചിരുന്നു.