‘മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കബളിപ്പിക്കല്‍, കോടികള്‍ കുടിശിക കൊടുക്കാന്‍ പണമെവിടെ?’
Mail This Article
തിരുവനന്തപുരം∙ എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിലെ പാവപ്പെട്ടവര്‍ക്ക് കൊടുക്കാനുള്ളത് പതിനായിരക്കണക്കിന് കോടി രൂപയാണെന്നും ഇത് എവിടെനിന്ന് കൊടുക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നിയമസഭയില്‍. സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെ ക്ഷേമ ആനുകൂല്യങ്ങളുടെ കുടിശിക കൊടുക്കാനുണ്ടെന്ന് മുഖ്യമന്ത്രി സഭയില്‍ സമ്മതിച്ചത് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ക്കുള്ള അംഗീകാരമാണെന്നും സതീശന്‍ പറഞ്ഞു.
‘‘ഈ പതിനായിരക്കണക്കിന് കോടി രൂപ നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കബളിപ്പിക്കലാണ്. നിങ്ങളുടെ കൈയില്‍ മോശയുടെ വടിയോ അലാവുദീന്റെ അത്ഭുതവിളക്കോ ഒന്നും ഇല്ലല്ലോ. പണം വേണ്ടേ. അത് എവിടെനിന്നാണ്. ധനമന്ത്രിയുടെ കൈയില്‍ റവന്യൂ എസ്റ്റിമേറ്റ് പോലുമില്ല. ഒരു വര്‍ഷം കഴിയുമ്പോള്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വച്ച് ഈ സര്‍ക്കാരിനെ കേരളത്തിലെ പൊതുസമൂഹം വിചാരണ ചെയ്യും. നികുതി വരുമാനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം വെറും 172 കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 15 ശതമാനം സ്വാഭാവിക വര്‍ധനവെങ്കിലും ഉണ്ടാകേണ്ട സ്ഥാനത്ത് 0.02 ശതമാനം വര്‍ധന മാത്രമാണ് ഉണ്ടായിരിക്കുന്നത്. എന്നിട്ട് ധനകാര്യമന്ത്രി സഭയില്‍ പറഞ്ഞത് 65 ശതമാനം വര്‍ധനവുണ്ടെന്നാണ്’’ – വി.ഡി. സതീശന്‍ പറഞ്ഞു.