കൊയിലാണ്ടി കോളജ് സംഘർഷം: പ്രിൻസിപ്പലിനോട് വിശദീകരണം തേടി സർവകലാശാല
Mail This Article
കോഴിക്കോട്∙ കൊയിലാണ്ടി ഗുരുദേവ കോളജ് പ്രിൻസിപ്പൽ സുനില്‍ ഭാസ്കരനിൽ നിന്ന് വിശദീകരണം തേടി കാലിക്കറ്റ് സർവകലാശാല. സുനിൽ ഭാസ്കരന്റെ യോഗ്യത സംബന്ധിച്ചും കോളജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാലു വിദ്യാർഥികളെ പുറത്താക്കിയതും സംബന്ധിച്ചും നൽകിയ പരാതിയിലാണ് വിശദീകരണം തേടിയത്. കത്ത് കിട്ടിയെന്നും വിശദീകരണം നൽകിയെന്നും പ്രിൻസിപ്പൽ അറിയിച്ചു.
കോളജിൽ എസ്എഫ്ഐയും പ്രിൻസിപ്പലും തമ്മിൽ സംഘർഷമുണ്ടായതിനു പിന്നാലെയാണ് യോഗ്യത ചോദ്യം ചെയ്ത് എസ്എഫ്ഐ സർവകലാശാലയെ സമീപിച്ചത്. സംഘർഷത്തിനു പിന്നാലെ സസ്പെൻഡ് ചെയ്യപ്പെട്ട 4 വിദ്യാർഥികളും സർവകലാശാലയെ സമീപിച്ചിരുന്നു. ചട്ടങ്ങൾ പാലിക്കാതെയാണ് സസ്പെൻഡ് ചെയ്തതെന്നാരോപിച്ചാണ് സർവകലാശാലയെ സമീപിച്ചത്.
കഴിഞ്ഞ ആഴ്‌ചയാണ് കോളജ് പ്രിൻസിപ്പലിനെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചത്. ഹെൽപ്പ് ഡെസ്‌കുമായി ബന്ധപ്പെട്ട തർക്കമായിരുന്നു സംഘർഷത്തിൽ കലാശിച്ചത്. എസ്എഫ്ഐ ഏരിയ കമ്മിറ്റി പ്രസിഡന്‍റിനെ മർദിച്ചുവെന്ന പരാതിയിൽ പ്രിൻസിപ്പലിനെതിരെയും, പ്രിൻസിപ്പലിനെ മർദിച്ചുവെന്ന പരാതിയിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പൊലീസ് സംരക്ഷണത്തിലാണ് ഇപ്പോൾ കോളജ് പ്രവർത്തിക്കുന്നത്.