നീറ്റ്: കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി
Mail This Article
ന്യൂഡൽഹി∙നീറ്റ് വിവാദവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ഇന്ന് പരിഗണിക്കാനായി കേസ് ലിസ്റ്റ് ചെയ്തിരുന്നെങ്കിലും കേന്ദ്ര സർക്കാരും ദേശീയ പരീക്ഷാ ഏജൻസിയും (എൻടിഎ) സമർപ്പിച്ച സത്യവാങ്മൂലങ്ങൾ, ചില കക്ഷികൾക്ക് ലഭിക്കാൻ വൈകിയെന്ന് ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് ഹർജികൾ പരിഗണിക്കുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റിയത്.
ആദ്യം കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും സോളിസിറ്റർ ജനറൽ തുഷാർ മേത്ത അസൗകര്യം അറിയിച്ചു. ഇതോടെയാണ് കേസ് വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റിയത്. ഹർജിയിന്മേൽ കേന്ദ്രവും എന്‍ടിഎയും സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചോദ്യപേപ്പർ ചോർച്ച ഒറ്റപ്പെട്ട സംഭവമെന്നാണ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്. പരീക്ഷയുടെ പവിത്രതയ്ക്കേറ്റ കളങ്കം മറികടക്കാൻ ആകുന്നില്ലെങ്കിൽ പുനഃപരീക്ഷ നടത്താം എന്ന നിലപാടിലാണ് സുപ്രീംകോടതി.
നീറ്റ് പരീക്ഷാഫലത്തിൽ അസ്വാഭാവികത ഇല്ലെന്ന് കേന്ദ്രവും ടെലഗ്രാമിൽ പ്രചരിച്ച ചോദ്യപേപ്പർ ദൃശ്യങ്ങൾ വ്യാജമെന്ന് എൻടിഎയും സുപ്രീംകോടതിയെ അറിയിച്ചിരുന്നു. പട്ന, ഗ്രോധ എന്നിവിടങ്ങളിൽ ഒതുങ്ങുന്ന ക്രമക്കേടുകൾ മാത്രമാണ് നടന്നത്. തെറ്റായ കാര്യങ്ങൾ ചില വിദ്യാർഥികൾ നടത്തിയതായി കണ്ടെത്തിയത് ചിലയിടങ്ങളിൽ മാത്രമാണ്. ഇതു പൂർണമായി പരീക്ഷാ നടപടികളെ ബാധിക്കുന്നില്ലെന്നും എൻടിഎ പറയുന്നു. റാങ്ക് ലിസ്റ്റിലും മാർക്ക് നൽകിയതിലും അപകാതയില്ലെന്നും ഗ്രേസ് മാർക്ക് പ്രശ്നങ്ങൾ പരിഹരിച്ചെന്നും എൻടിഎ കോടതിയെ അറിയിച്ചിട്ടുണ്ട്.