‘ഒരു കപ്പലും ഇതുവരെ കയറാത്ത തുറമുഖത്തേക്ക്, തീരുമാനങ്ങൾ വേഗം’
Mail This Article
തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ട ആദ്യ മദർഷിപ് സാൻ ഫെർണാണ്ടോയുടെ സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി മാനേജർ മലയാളിയാണ്, തിരുവനന്തപുരം സ്വദേശി ക്യാപ്റ്റൻ ജി.എൻ.ഹരി. കപ്പലിനെ ഔട്ടർ ഏരിയയിൽനിന്ന് കപ്പൽ ചാലിലൂടെ തുറമുഖത്തിലേക്ക് എത്തിച്ചത് ഹരിയുടെ നേതൃത്വത്തിലാണ്. ‘തുറമുഖത്തിലെ ഇന്നത്തെ ഒരുക്കങ്ങളെല്ലാം സൂപ്പർ’ ആയിരുന്നെന്ന് ഹരി പറയുന്നു.
‘‘ഞായറാഴ്ചയാണ് വിഴിഞ്ഞത്തേക്ക് പോകണമെന്ന അറിയിപ്പ് കിട്ടിയത്. ഒരു കപ്പലും ഇതുവരെ കയറാത്ത തുറമുഖത്തേക്കാണ് പോകുന്നത്. വേഗത്തിൽ തീരുമാനമെടുക്കേണ്ടിവന്നു. തുറമുഖത്തെയും കപ്പൽ ചാലിനെയും കാലാവസ്ഥയെയും കുറിച്ചുള്ള വിവരങ്ങളെല്ലാം വേഗത്തില്‍ ശേഖരിച്ചു കൃത്യമായ തീരുമാനം എടുക്കേണ്ടി വന്നു. തീരുമാനങ്ങളെല്ലാം പിഴവില്ലാതെ നടപ്പിലാക്കാനായി. മഴയും കാറ്റുമില്ലാത്ത അന്തരീക്ഷം അനുകൂലമായി’’–ജി.എൻ.ഹരി ‘മനോരമ ഓൺലൈനോട്’ പറഞ്ഞു. തൃക്കണ്ണാപുരം സ്വദേശിയാണ് ഹരി. 6700ൽ അധികം കണ്ടെയ്നറുകളാണ് കപ്പലിലുള്ളത്. ഇതിൽ 1200 കണ്ടെയ്നർ വിഴിഞ്ഞത്ത് ഇറക്കിയശേഷം വെള്ളിയാഴ്ച കപ്പൽ തിരികെ പോകും. സിംഗപ്പുർ കമ്പനിയാണ് കപ്പല്‍ പ്രവർത്തിപ്പിക്കുന്നത്.
വാട്ടർ സല്യൂട്ട് നൽകിയാണു കപ്പലിനെ സ്വീകരിച്ചത്. രാവിലെ ഏഴരയോടെ കപ്പൽ വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടർ ഏരിയയിൽനിന്നു പുറപ്പെട്ടു. സ്വീകരിക്കാനായി ഔട്ടർ ഏരിയയിലേക്ക് പോയ ടഗ് ബോട്ടുകൾക്കൊപ്പമാണ് കപ്പൽ വിഴിഞ്ഞത്തേക്ക് എത്തിയത്. രാവിലെ 7.15 ഓടെയാണ് കപ്പൽ വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടർ ഏരിയയിലെത്തിയത്.