ADVERTISEMENT

ന്യൂഡൽഹി ∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനുള്ള നിക്ഷേപം 10,000 കോടി രൂപയായി (120 കോടി ഡോളർ) വർധിപ്പിക്കുമെന്ന് അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ്. പുതിയ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനലിന്റെ നിർമാണത്തിനാണ് അദാനി ഗ്രൂപ്പ് നിക്ഷേപം നടത്തുക.‌‌ 2028 ഓടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ രണ്ടാംഘട്ടത്തിലാണ് അദാനി ഗ്രൂപ്പ് അധികനിക്ഷേപം നടത്തുകയെന്ന് കമ്പനിയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.

എംഎസ്‌സി മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി, എപി മോളർ–മെഴ്സ്ക് എ/എസ്, ഹാപ്പഗ്–ലോയ്ഡ്  എന്നിവയടക്കമുള്ള ലോകോത്തര ഷിപ്പിങ് കണ്ടെയ്നർ കമ്പനികളെ വിഴിഞ്ഞത്തേക്ക് ആകർഷിക്കുന്ന രീതിയിലാണ് പദ്ധതികള്‍ ആവിഷ്കരിക്കുന്നതെന്നാണ് റിപ്പോർട്ട്. പ്രധാനമായും തുറമുഖത്തിന്റെ ആഴം കൂട്ടാനും തിരമാലകളിൽനിന്ന് തുറമുഖത്തെ സംരക്ഷിക്കുന്ന പുലിമുട്ടിന്റെ (ബ്രേക്ക്‌വാട്ടർ) നീളം കൂട്ടാനുമാണ് തുക ഉപയോഗിക്കുക.

പ്രതിവർഷം 6,000 കോടിയുടെ നിക്ഷേപം വിഴിഞ്ഞത്തു നടത്താനുദ്ദേശിക്കുന്നുണ്ടെന്നാണ് അദാനി പോർട്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കരൺ അദാനി ഒക്ടോബറിൽ പറഞ്ഞിരുന്നത്. വലിയ കപ്പലുകള്‍ക്കു പ്രവേശിക്കാൻ സാധ്യമാകുന്ന തരത്തിൽ വിഴിഞ്ഞം തുറമുഖത്തിന്റെ ആഴം കൂട്ടുന്നതോടെ നിലവിൽ കൊളംബോ, ദുബായ്, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കു പോകുന്ന കപ്പലുകൾക്ക് ഇന്ത്യയില്‍ ചരക്കിറക്കാൻ സാധിക്കും. വേണ്ടത്ര ആഴമില്ലാത്തതിനാല്‍ തന്നെ ഇന്ത്യയിലെ മറ്റു തുറമുഖങ്ങൾക്ക് ഇത്തരം വലിയ ചരക്കു കപ്പലുകളെ കൈകാര്യം ചെയ്യാൻ സാധിച്ചിരുന്നില്ല. ഇന്ത്യയുടെ തെക്കേ അറ്റത്ത് കിടക്കുന്ന തുറമുഖമായതിനാലും രാജ്യാന്തര സമുദ്ര പാതയുടെ അടുത്തു കിടക്കുന്നതിനാലും വിഴിഞ്ഞ​ത്തേക്കു കൂടുതൽ കപ്പലുകൾ എത്തുമെന്നാണു പ്രതീക്ഷ.

English Summary:

Adani Ports to raise investment to 10,000 crore for new transshipment terminal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com