താരമായി ജിയോ വേൾഡ് സെന്റർ, ആഡംബരത്തിന്റെ അവസാന വാക്ക്; 5 ലക്ഷത്തിനും ഹോട്ടൽമുറി കിട്ടാനില്ല
Mail This Article
മുംബൈ ∙ റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹവേദിയും ശ്രദ്ധേയമാകുന്നു. ബാന്ദ്ര കുർള കോംപ്ലക്സിലെ (ബികെസി) ജിയോ വേൾഡ് സെന്ററിലാണു വിവാഹ മാമാങ്കം. ശുഭ് വിവാഹത്തോടെ ആരംഭിക്കുന്ന ചടങ്ങുകൾ 15ന് സ്വീകരണ ചടങ്ങോടെയാണു സമാപിക്കുക. എല്ലാ മംഗള മുഹൂർത്തങ്ങൾക്കും വേദിയാകുന്നതാകട്ടെ ജിയോ വേൾഡ് സെന്ററും.
രാജ്യത്തെ ഏറ്റവും ചെലവേറിയ വാണിജ്യ റിയൽ എസ്റ്റേറ്റ് മേഖലയായ ബികെസിയിലാണു ജിയോ വേൾഡ് സെന്റർ. ലോകമെമ്പാടുമുള്ള രാഷ്ട്രീയ, സാംസ്കാരിക, കായിക, ബിസിനസ് രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന താരനിബിഡമായ ചടങ്ങുകളാണ് ഇവിടെ നടക്കുക. ആകെ 1,03,012 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ജിയോ വേൾഡ് സെന്റർ നിർമിച്ചിട്ടുള്ളത്. ഒരേ സമയം എക്‌സിബിഷനുകൾ, കൺവെൻഷനുകൾ, യോഗങ്ങൾ എന്നിവ ഇവിടെ നടത്താം. വെർച്വൽ പരിപാടികൾക്കും ആതിഥേയത്വം വഹിക്കാനാകും.
അത്യാഡംബരമായാണു കൺവെൻഷൻ സെന്ററിന്റെ നിർമാണം. നിത അംബാനിയാണ് ജിയോ വേൾഡ് സെന്റർ വിഭാവനം ചെയ്തത്. വ്യാപാര- വാണിജ്യ- സാംസ്കാരിക തലങ്ങളിൽ ഇന്ത്യയ്ക്ക് ഉയർത്തിക്കാട്ടാവുന്ന ലോകോത്തര നിലവാരമുള്ള കേന്ദ്രമാണെന്നാണു റിലയൻസിന്റെ അവകാശവാദം. പല വലുപ്പമുള്ള 5 കൺവെൻഷൻ ഹാളുകൾ, ബോൾ റൂം, മീറ്റിങ് റൂമുകൾ, 5ജി നെറ്റ്‌വർക്ക്, ഒറ്റയടിക്ക് 18,000 ആളുകൾക്ക് ഭക്ഷണമൊരുക്കാവുന്ന അടുക്കള, 5000 കാറുകൾ പാർക്ക് ചെയ്യാനാവുന്ന പാർക്കിങ് ഏരിയ തുടങ്ങിയവയും പ്രത്യേകതയാണ്. വെള്ളവും വെളിച്ചവും സംഗീതവുംകൊണ്ട് മനോഹര ദൃശ്യവിരുന്നൊരുക്കുന്ന ഫൗണ്ടേഷൻ ഓഫ് ജോയി, സംഗീതത്തിന് അനുസൃതമായി നൃത്തംചെയ്യുന്ന താമരയിതളുകൾ തുടങ്ങിയവയും ആകർഷകമാണ്.
അംബാനി കല്യാണം പ്രമാണിച്ചു ബാന്ദ്ര കുർള കോംപ്ലക്സിലെ ഹോട്ടലുകളില്‍ ഈ ദിവസങ്ങളിൽ ഒറ്റ മുറി പോലും കിട്ടാനില്ല, എല്ലാ മുറികളും ബുക്കിങ്ങാണ്. ആവശ്യക്കാർ വർധിച്ചതിനാൽ, ഒരു രാത്രിക്ക് 1 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയാണ് പല ഹോട്ടലുകളും ഈടാക്കുന്നത്. 1970കളിൽ മുംബൈയിലെ ഏറ്റവും പഴയ വാണിജ്യകേന്ദ്രമായ നരിമാൻ പോയിന്റിനു പകരമായാണു ബികെസി എന്ന വാണിജ്യ മേഖലയ്ക്ക് തുടക്കം കുറിച്ചത്. 370 ഹെക്ടറിൽ പരന്നുകിടക്കുന്ന വിശാലമായ മേഖലയാണു ബികെസി.