ചർച്ച് ബിൽ കൊണ്ടുവന്നാലും ഓർത്തഡോക്സ് സഭയ്ക്ക് ഒന്നും സംഭവിക്കില്ല: കാതോലിക്കാ ബാവാ
Mail This Article
കോട്ടയം ∙ ഈ സർക്കാർ ചർച്ച് ബിൽ കൊണ്ടുവന്നാലും മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും അതിനെയെല്ലാം നേരിടാനുള്ള കരുത്ത് സഭയ്ക്കുണ്ടെന്നും മലങ്കര ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ദേവലോകം അരമനയിൽ പൗലോസ് ദ്വിതീയൻ ബാവായുടെ മൂന്നാം ഓർമപ്പെരുന്നാളിൽ പ്രസംഗിക്കുകയായിരുന്നു പരിശുദ്ധ ബാവാ.
മലങ്കര സഭയുടെ സ്വാതന്ത്ര്യം ബലികഴിക്കാൻ ഒരുക്കമല്ല. രാജ്യത്തിന്റെ പരമോന്നത കോടതി പുറപ്പെടുവിച്ച വിധി അംഗീകരിക്കുന്നവരുമായി മാത്രം ചർച്ച നടത്തും. അല്ലാതെ ഒരാളുമായും സഭ ചർച്ചയ്ക്കു തയാറല്ല. ജീവൻ ബലികഴിച്ചും സഭയുടെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ തയാറാണെന്നു പ്രഖ്യാപിച്ച പൗലോസ് ദ്വിതീയൻ ബാവയുടെ വാക്കുകൾ പാലിക്കാൻ സഭാമക്കൾ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.