ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമില്ലാതെ കെഎസ്ഇബി ലിമിറ്റഡ് ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയതു ദുര്‍ബലമായ കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെ കൂടുതല്‍ തളർത്തുമെന്നു കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ്. കമ്പനിയുടെ ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷനും കേരള സര്‍ക്കാരിന്റെ ഉത്തരവുകളും ലംഘിച്ച് ശമ്പള പരിഷ്‌കരണം നടപ്പാക്കിയതുവഴി 1,011 കോടി രൂപയും പെന്‍ഷന്‍ പരിഷ്‌കരണ കുടിശിക ഇനത്തില്‍ 306.66 കോടിയും അനിയന്ത്രിതമായി ചെലവഴിച്ചെന്നു സിഎജി വ്യക്തമാക്കി.

കമ്പനിയുടെ ചട്ടങ്ങള്‍ പ്രകാരം ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കുന്നതിനു കേരള സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണം. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് 2021 ഫെബ്രുവരി 26ന് സര്‍ക്കാരിന്റെ അംഗീകാരമില്ലാതെ ജീവനക്കാരുടെ ശമ്പളവും അലവന്‍സുകളും പെന്‍ഷനും പരിഷ്‌കരിച്ചു. 1995, 2001, 2007, 2011, 2016 എന്നീ വര്‍ഷങ്ങളിലും ഇത്തരം ക്രമരഹിതമായ പരിഷ്‌കരണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും സിഎജി ചൂണ്ടിക്കാട്ടി. 2021ലെ ശമ്പള പരിഷ്‌കരണം മൂലമുള്ള വാര്‍ഷിക സാമ്പത്തിക ബാധ്യത പ്രതിവര്‍ഷം 543 കോടിയാണ്.

തല്‍ഫലമായി, 2017-18 മുതല്‍ 2020-21 വരെയുള്ള കാലയളവില്‍ ശമ്പളച്ചെലവ് കമ്പനിയുടെ വരുമാനത്തിന്റെ 23.77 ശതമാനത്തില്‍നിന്ന് 46.59 ശതമാനമായി വര്‍ധിച്ചു. വിരമിക്കല്‍ ആനുകൂല്യങ്ങളില്‍ 14,152.56 കോടിയുടെ കുത്തനെയുള്ള വര്‍ധനവിനു പ്രധാന കാരണം ശമ്പള പരിഷ്‌കരണമായിരുന്നെന്നും സിഎജി കണ്ടെത്തി. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അവഗണിച്ചതിനു ഗ്രാന്റ് തടഞ്ഞുവയ്ക്കണമെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ധനവകുപ്പ് ആവശ്യപ്പെട്ടെങ്കിലും വൈദ്യുതി വകുപ്പ് തയാറായിട്ടില്ല. ഈ ശുപാര്‍ശ വൈദ്യുതി വകുപ്പ് നടപ്പാക്കണമെന്നും മുന്‍കൂര്‍ അനുമതിയോടെ മാത്രമേ ശമ്പളം അലവന്‍സുകളും പെന്‍ഷനും കമ്പനി പരിഷ്‌കരിക്കുന്നുള്ളൂവെന്നു സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്നും സിഎജി നിര്‍ദേശിച്ചു.

English Summary:

CAG Report About Salary Increment in KSEB

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com