ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖത്തിന്റെ അവകാശം ആര്‍ക്കെന്ന രാഷ്ട്രീയ തര്‍ക്കം നടക്കുന്നതിനിടെ മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് പരാമര്‍ശിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടന പ്രസംഗം. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയാണ് 2015 ഡിസംബറിൽ വിഴിഞ്ഞം തുറമുഖത്തിന് തറക്കല്ലിട്ടത്. വിഴിഞ്ഞം പദ്ധതിയുടെ നാൾവഴികൾ ഓർമിപ്പിച്ചെങ്കിലും ഉമ്മൻചാണ്ടി സർക്കാരിനെ മുഖ്യമന്ത്രി പരാമർശിച്ചില്ല. 2006ല്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് വിഴിഞ്ഞത്തിന് കേന്ദ്രാനുമതി നേടിയെടുക്കാന്‍ ശ്രമം ആരംഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2007 ജൂലൈ 31ന് ടെൻഡർ ക്ഷണിച്ചു. പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ് പദ്ധതിക്ക് അനുമതി നിഷേധിച്ചതായി പറഞ്ഞ മുഖ്യമന്ത്രി, തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയേയും മുൻ മന്ത്രി അഹമ്മദ് ദേവർ കോവിലിനെയും അഭിനന്ദിച്ചു. വിഴിഞ്ഞം പോർട്ട് ചെയർമാൻ കരൺ അദാനി ഉമ്മൻചാണ്ടിയുടെ സേവനങ്ങളെ അനുസ്മരിച്ചു.

അദാനി ഗ്രൂപ്പിന്റെ പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനമാണ് പല തടസങ്ങള്‍ക്കിടയിലും പദ്ധതി യാഥാര്‍ഥ്യമാകാന്‍ കാരണമെന്നു മുഖ്യമന്ത്രി പറഞ്ഞു. ദീര്‍ഘകാലത്തെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാൻ പിന്തുണ നല്‍കിയ എല്ലാവര്‍ക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു. തുറമുഖങ്ങള്‍ സാമ്പത്തിക വികസനത്തിന് ഏറ്റവും വലിയ ചാലക ശക്തിയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ലോകചരിത്രം തന്നെ വ്യക്തമാക്കുന്ന കാര്യമാണത്. വിഴിഞ്ഞം യാഥാര്‍ഥ്യമാകുമ്പോള്‍ കേരളത്തിന്റെ വികസന അധ്യായത്തിലെ പുതിയ ഏട് ആരംഭിക്കുകയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം പുതിയ അധ്യായം തുറക്കുന്ന അഭിമാന നിമിഷമാണിത്. രാജ്യത്തിന് തന്നെ അഭിമാനമുഹൂര്‍ത്തമാണിത്. ലോകഭൂപടത്തില്‍ ഇന്ത്യ വിഴിഞ്ഞത്തിലൂടെ സ്ഥാനം പിടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ലോകത്തെ വന്‍കിട തുറമുഖങ്ങളില്‍ ഒന്നാണ് വിഴിഞ്ഞത് യാഥാര്‍ഥ്യമായിരിക്കുന്നത്. മദര്‍ഷിപ്പുകള്‍ ഇങ്ങോട്ടേക്കു ധാരാളമായി വരും. ലോകത്തെ വലിയ കപ്പലുകള്‍ക്കു ബെര്‍ത്ത് ചെയ്യാന്‍ കഴിയുന്ന ഇടമായി വിഴിഞ്ഞം മാറും. ട്രയല്‍ റണ്‍ ആണെങ്കിലും വിഴിഞ്ഞം തുറമുഖത്തിന്റെ ഓപ്പറേഷന്‍ ഇതോടെ ആരംഭിക്കുകയാണ്. പോര്‍ട്ടുകളുടെ പോര്‍ട്ട് എന്നു പറയാവുന്ന വിധത്തില്‍ മദര്‍പോര്‍ട്ട് എന്നു വിശേഷിപ്പിക്കാവുന്ന തരത്തിലേക്കു വിഴിഞ്ഞം മാറുകയാണ്. രണ്ടും മൂന്നും നാലും ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ 2045ല്‍ സുസജ്ജമായ വിശാല തുറമുഖമായി മാറുമെന്നാണ് വിഭാവനം ചെയ്തിരുന്നത്. എന്നാല്‍, 17 വര്‍ഷം മുന്‍പ് തന്നെ അതിലേക്ക് എത്തുമെന്നാണ് കരുതുന്നത്. 2028ഓടെ സമ്പൂര്‍ണ തുറമുഖമായി വിഴിഞ്ഞം മാറുമെന്നത് സന്തോഷകരമാണ്.

10,000 കോടി രൂപയുടെ നിക്ഷേപത്തിനു വഴിവച്ചുകൊണ്ടാണ് ഈ വികസനം സാധ്യമാകുന്നത്. അയല്‍രാജ്യങ്ങള്‍ക്കു കൂടി ഉതകുന്നതാണ് ഈ വലിയ തുറമുഖത്തിന്റെ സാന്നിധ്യം. 2028ല്‍ സമ്പൂര്‍ണ തുറമുഖമാകുന്ന തരത്തില്‍ നീക്കങ്ങള്‍ നടത്താനുള്ള കരാര്‍ ഒപ്പിടാന്‍ പോകുകയാണ്. ഇത്തരം കാര്യങ്ങളില്‍ അദാനി ഗ്രൂപ്പ് പൂര്‍ണമായി സഹകരിക്കാന്‍ തയാറായിട്ടുണ്ട്. പദ്ധതി പൂര്‍ത്തിയാക്കാന്‍  മുന്‍കൈ എടുത്ത കരൺ അദാനിക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞു.

English Summary:

Pinarayi Vijayan Inaugurates Vizhinjam Port, Omitting Former Chief Minister's Contribution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com