ADVERTISEMENT

കണ്ണൂർ∙ ‘‘ ആദ്യം തോന്നിയത് കൂടോത്രമാണെന്നാണ്, പേടിച്ച് ആരും കുടം തുറന്നില്ല. പിന്നീട് പരിശോധിച്ചപ്പോഴാണ് നിധി കണ്ടത്’’– കണ്ണൂർ ചെങ്ങളായിയിൽ നിധി കണ്ടെത്തിയ തൊഴിലുറപ്പ് സംഘത്തിലെ സുലോചന ‘മനോരമ ഓൺലൈനോട്’ പറഞ്ഞു.

‘‘എനിക്കല്ല, കൂട്ടത്തിലുണ്ടായിരുന്ന ആയിഷയ്ക്കാണു നിധി കിട്ടിയത്. മുക്കാൽ മീറ്ററോളം മഴക്കുഴി കുഴിച്ചപ്പോൾ ആയിഷയുടെ കാല് തട്ടി കുടം പുറത്തുവന്നു. കുടം മണ്ണിൽനിന്ന് എടുത്ത് മുകളിൽവച്ചു. രാവിലെ കിട്ടിയെങ്കിലും വൈകിട്ട് 4 മണിക്കാണ് ഞങ്ങൾ തുറന്നു നോക്കിയത്. കുടത്തിന്റെ അടപ്പ് തുറന്നു തറയിലേക്ക് തട്ടിയപ്പോഴാണ് ആഭരണങ്ങളും നാണയങ്ങളും കിട്ടിയത്.

കുടത്തിൽ ബോംബാണെന്ന് പേടി തോന്നിയില്ല. കൂടോത്രം ആണെന്നു പേടിച്ചു. ആഭരണവും നാണയവും കണ്ടപ്പോൾ പഴക്കം തോന്നി. ഉടനെ പഞ്ചായത്തിനെ അറിയിച്ചു. ആറു മണിക്ക് ശേഷമാണ് പൊലീസിനു കൈമാറിയത്. നിധി കിട്ടിയതിനുശേഷം ആ ഭാഗത്തേക്ക് തൊഴിലാളികൾ പോയില്ല. 90 മഴക്കുഴി കുഴിക്കാനുണ്ട്. 25 കുഴിയേ ആയിട്ടുള്ളൂ’’– സുലോചന പറഞ്ഞു. 

തൊഴിലുറപ്പ് സംഘത്തിൽ 18 പേരുണ്ടായിരുന്നു. ഇവിടെനിന്ന് ആദ്യമായാണ് നിധി കിട്ടുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. രണ്ടാഴ്ചയായി സ്ത്രീകള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ചെങ്ങളായി പഞ്ചായത്തിലെ പരിപ്പായി ഗവ.എൽപി സ്കൂളിനടുത്തുള്ള സ്വകാര്യ ഭൂമിയിൽ നിന്നാണ് നിധി ലഭിച്ചത്. 17 മുത്തുമണികൾ, 13 സ്വർണ പതക്കങ്ങൾ, കാശുമാലയുടെ ഭാഗമെന്നു കരുതുന്ന 4 പതക്കങ്ങൾ, പഴയകാലത്തെ 5 മോതിരങ്ങൾ, ഒരു സെറ്റ് കമ്മൽ, ഒട്ടേറെ വെള്ളിനാണയങ്ങൾ എന്നിവയാണ് വ്യാഴാഴ്ച ലഭിച്ചത്. ഇന്ന് 4 വെള്ളി നാണയങ്ങളും 2 സ്വർണ മുത്തുകളും ലഭിച്ചു.

English Summary:

Unexpected Treasure Trove Discovered by Workers in Kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com