മണിപ്പുരില്‍ അസം അതിർത്തിക്ക് സമീപം ആക്രമണം: സിആർപിഎഫ് ജവാന് വീരമൃത്യു
Mail This Article
ഇംഫാൽ∙മണിപ്പുരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സിആർപിഎഫ് ജവാന് വീരമൃത്യു. ഞായറാഴ്ച മണിപ്പൂരിലെ തെക്കു പടിഞ്ഞാറൻ ജില്ലയായ ജിരിബാമിലായിരുന്നു സംഭവം. അസം അതിർത്തി പ്രദേശമായ ഇവിടെ സിആർപിഎഫ് ഉദ്യോഗസ്ഥർക്കു നേരെ ഭീകരർ പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു. ബിഹാർ മധുബാനി സ്വദേശിയായ അജോയ് കുമാർ (43) ആണ് കൊല്ലപ്പെട്ടത്.
സിആർപിഎഫിന്റെയും മണിപ്പുർ പൊലീസിന്റെയും സംയുക്ത സംഘം തിരച്ചിലിനായി ഇവിടേക്ക് വരുന്നതിനിടെയായിരുന്നു സംഭവം. ആക്രമണത്തിൽ മണിപ്പുർ പൊലീസിലെ രണ്ട് ഉദ്യോഗസ്ഥർക്കും ഒരു പൗരനും പരുക്കേറ്റു. ഇവർ അസമിലെ സിൽച്ചാറിലുള്ള ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസുകാർ അപകടനില തരണം ചെയ്തു.
ഒരു മാസത്തിനിടെ സുരക്ഷാ സേനയെ ലക്ഷ്യമിട്ടുള്ള രണ്ടാമത്തെ ആക്രമണമാണ് ഉണ്ടായിരിക്കുന്നതെന്ന് ആരോപിച്ച മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ്, കുക്കികളാണ് ആക്രമണത്തിനു പിന്നിലെന്നും കുറ്റപ്പെടുത്തി. ജൂൺ 10ന് ബിരേൻ സിങ്ങിന്റെ വാഹന വ്യൂഹത്തിനു നേർക്കുണ്ടായ ആക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരുക്കേറ്റിരുന്നു. എന്നാൽ ബിരേൻ സിങ്ങിന്റെ വാദം തള്ളിക്കളഞ്ഞ് കുക്കി വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.
അവധിക്ക് നാട്ടിലേക്കു പോകാനിരിക്കെയാണ് അജോയ് കുമാർ വീരമൃത്യു വരിച്ചതെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം മണിപ്പുരിലുണ്ടായ കലാപത്തിന് ശേഷം ശാന്തമായിരുന്ന ജിരിബാം മേഖലയിൽ ഈയിടെ ആക്രമണങ്ങൾ വീണ്ടും പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതോടെയാണ് സിആർപിഎഫ് മേഖലയിൽ പരിശോധന ശക്തമാക്കിയത്.