‘ബിഹാറിനു പ്രത്യേക പദവി വേണം’; നിതി ആയോഗ് റിപ്പോർട്ടുമായി ജെഡിയു സമ്മർദം
Mail This Article
പട്ന∙ ബിഹാറിനു പ്രത്യേക സംസ്ഥാന പദവിക്കായി കേന്ദ്രസർക്കാരിനുമേൽ സമ്മർദവുമായി ജനതാദൾ (യു) മന്ത്രിമാർ. ഇന്ത്യയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ കുറിച്ചുള്ള നിതി ആയോഗ് റിപ്പോർട്ട് ബിഹാറിന്റെ പ്രത്യേക പദവിയെന്ന ആവശ്യത്തെ സാധൂകരിക്കുന്നതാണെന്നു ജെഡിയു മന്ത്രിമാരായ വിജയ് കുമാർ ചൗധരിയും ശ്രാവൺ കുമാറും അഭിപ്രായപ്പെട്ടു. സുസ്ഥിര വികസന സൂചികയിൽ ബിഹാർ ഏറ്റവും താഴെയായതിനാൽ പ്രത്യേക പദവിയോ പാക്കേജോ അനിവാര്യമാണെന്നു വിജയ് കുമാർ ചൗധരി പറഞ്ഞു.
രാജ്യത്തെ ഏറ്റവും ദരിദ്ര സംസ്ഥാനമാണു ബിഹാർ. സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനായി പ്രത്യേക പാക്കേജ് ആവശ്യമാണ്. 2011 മുതൽ ഈ ആവശ്യം ഉയർത്തുന്നുണ്ട്. കഴിഞ്ഞ പതിറ്റാണ്ടിൽ വിവിധ മേഖലകളിൽ ബിഹാർ വൻമുന്നേറ്റം കാഴ്ചവച്ചു. ദുർബലമായ അടിത്തറ കാരണം മറ്റു സംസ്ഥാനങ്ങൾക്ക് ഒപ്പമെത്താൻ സമയമെടുക്കും എന്നാണു നിതി ആയോഗ് റിപ്പോർട്ടിൽ വിലയിരുത്തിയത്. കേന്ദ്രം എത്രയും വേഗം ബിഹാറിനു പ്രത്യേക സംസ്ഥാന പദവി പ്രഖ്യാപനം നടത്തണമെന്നു മന്ത്രി ശ്രാവൺ കുമാർ ആവശ്യപ്പെട്ടു.