ADVERTISEMENT

തിരുവനന്തപുരം∙ മെഡിക്കല്‍ കോളജ് ഒപി ബ്ലോക്കില്‍ രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവത്തില്‍ 3 ജീവനക്കാരെ ആരോഗ്യ വകുപ്പ് സസ്പെൻഡ് ചെയ്തു. രണ്ട് ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍, ഡ്യൂട്ടി സര്‍ജന്റ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഉള്ളൂർ സ്വദേശിയും സിപിഐയുടെ ലോക്കൽ സെക്രട്ടറിയുമായ രവീന്ദ്രൻ നായർ ലിഫ്റ്റിൽ കുടുങ്ങിയത്. രോഗി ലിഫ്റ്റിൽ കുടുങ്ങിയ വിവരം ആരും അറിഞ്ഞില്ല. കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ നിലത്ത് വീണ് പൊട്ടിയതിനാൽ തന്നെ ആരെയും വിളിക്കാനും രവീന്ദ്രന് സാധിച്ചില്ല. തുടർന്ന് തിങ്കളാഴ്ച രാവിലെ 6 മണിയോടെയാണ് ലിഫ്റ്റിൽ കുടുങ്ങിയ നിലയിൽ രവീന്ദ്രൻ നായരെ കണ്ടെത്തിയത്.

രണ്ടു രാത്രിയും ഒരു പകലുമാണ് രവീന്ദ്രൻ നായർ ലിഫ്റ്റിൽ കുടുങ്ങിയത്. ശനിയാഴ്ച രാവിലെയാണ് നടുവേദനയ്ക്ക് ചികിത്സ തേടി മെഡിക്കൽ കോളജിലെ ഓർത്തോവിഭാഗത്തിൽ രവീന്ദ്രൻ നായർ എത്തിയത്. ഡോക്‌ടറെ കണ്ട് ചികിത്സയുടെ രേഖകൾ എടുക്കാൻ വേണ്ടി വീട്ടിൽ വന്ന ശേഷം രവീന്ദ്രൻ നായർ തിരികെ വീണ്ടും ആശുപത്രിയൽ എത്തി. തുടർന്ന് ഒന്നാം നിലയിലേക്ക് പോകാൻ വേണ്ടി രവീന്ദ്രൻ നായർ ലിഫ്റ്റിൽ കയറിയ സമയത്താണ് ലിഫ്റ്റ് പ്രവർത്തന രഹിതമായത്. മുകളിലേക്ക് ഉയർന്ന ലിഫ്റ്റിന്റെ പ്രവർത്തനം പൊടുന്നനെ നിലയ്ക്കുകയായിരുന്നു. ലിഫ്റ്റിലുണ്ടായിരുന്ന അലാം സ്വിച്ച് നിരവധി തവണ അമർത്തിയെങ്കിലും ആരും വന്നില്ല. ലിഫ്റ്റിലുണ്ടായിരുന്ന ഫോണിൽ ബന്ധപ്പെട്ടെങ്കിലും ആരും ഫോണെടുക്കുകയും ചെയ്തില്ല.

അതേസമയം രവീന്ദ്രൻ നായരെ കാണാതായതോടെ കുടുംബം മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി. തുടർന്ന് ഇന്നു രാവിലെ ഓപ്പറേറ്റർ എത്തി ലിഫ്റ്റ് തുറന്നപ്പോഴാണ് അവശനിലയിൽ കിടക്കുകായിരുന്ന രവീന്ദ്രൻ നായരെ കണ്ടെത്തിയത്. ലിഫ്റ്റിന് മുന്നേ തകരാർ ഉണ്ടായിരുന്നുവെന്നാണ് ഓപ്പറേറ്റർ പറയുന്നത്. എന്നാൽ തകരാറിലുള്ള ലിഫ്റ്റിന് മുന്നിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നില്ലെന്ന് രവീന്ദ്രൻ നായരുടെ കുടംബം ആരോപിക്കുന്നു. സംഭവത്തിൽ നിയമനടപടിക്കൊരുങ്ങുകയാണ് രവീന്ദ്രൻ നായരുടെ കുടുംബം.

English Summary:

Patient Trapped in Government Medical College Thiruvananthapuram Lift

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com