‘ജോയി മരിച്ചത് നിർഭാഗ്യകരം; ആമയിഴഞ്ചാൻ തോട്ടിൽനിന്ന് എത്രയുംവേഗം മാലിന്യം നീക്കണം’
Mail This Article
കൊച്ചി ∙ തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് ശുചീകരണ തൊഴിലാളി എൻ.ജോയി മരിച്ചത് നിർഭാഗ്യകരമെന്ന് ഹൈക്കോടതി. അന്യോന്യം പഴിപറയാനുള്ള സമയമല്ല. ആമയിഴഞ്ചാൻ തോട്ടിൽനിന്ന് എത്രയും വേഗം മാലിന്യം നീക്കണം. റെയിൽവേ, തിരുവനന്തപുരം കോർപറേഷൻ, സംസ്ഥാന സർക്കാർ എന്നിവർ അടുത്തതവണ കേസ് പരിഗണിക്കുന്ന ജൂലൈ 26ന് മുൻപു റിപ്പോർട്ട് സമർപ്പിക്കണമെന്നും ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്, പി.ഗോപിനാഥ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. അമിക്കസ് ക്യൂറി സംഭവസ്ഥലം സന്ദർശിക്കണം. യാത്രാസൗകര്യം റെയിൽവേയും, താമസവും നഗരത്തിലെ യാത്ര അടക്കമുള്ള കാര്യങ്ങളും സർക്കാരോ കോർപറേഷനോ വഹിക്കണമെന്നും കോടതി നിർദേശിച്ചു.
കേസ് പരിഗണിച്ചപ്പോൾ തന്നെ, പരസ്പരം പഴിചാരാനുള്ള സമയമല്ലെന്നു കോടതി ഓർമിപ്പിച്ചു. തുടർന്ന് വാദിച്ച റെയിൽവേ, തോട്ടിലൂടെ റെയിൽവേയുടെ ഭാഗത്തേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ കടന്നുവരുന്നത് തടയാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അതുപോലും ഭേദിച്ചാണ് മാലിന്യം വരുന്നതെന്നും പറഞ്ഞു. സ്കൂബാ ഡ്രൈവർമാർ റെയിൽവേ പ്ലാറ്റ്ഫോമിനടിയിലെ ടണലിൽനിന്ന് പുറത്തുവന്നതു കറുത്ത ചെളിയുമായിട്ടാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ചെളിയും മാലിന്യവും കാരണം അവർക്ക് മുകളിലേക്കോ താഴേക്കോ ചലിക്കാൻ പോലും സാധിക്കുന്നുണ്ടായിരുന്നില്ല. സ്കൂബാ ഡ്രൈവറുടെ ജീവൻ അപകടത്തിലാക്കുന്നതായിരുന്നു ഇത്. അതിനർഥം കാലങ്ങളായി ഇവിടെയുള്ള മാലിന്യം നീക്കം ചെയ്തിട്ടില്ല എന്നല്ലേ എന്ന് കോടതി ആരാഞ്ഞു.
റെയിൽവേയുടെ മാലിന്യം നീക്കണമെന്ന് മേയ് 17നും ജൂൺ 19നും ആവശ്യപ്പെട്ടിരുന്നതായി തിരുവനന്തപുരം കോർപറേഷൻ വാദിച്ചു. ഇതു സംബന്ധിച്ച് റെയില്‍വേയുടെ യോഗം വിളിച്ചിരുന്നെന്നു സർക്കാരും ചൂണ്ടിക്കാട്ടി. തിരുവനന്തപുരം നഗരത്തിലെ മാലിന്യം മുഴുവൻ ആമയിഴഞ്ചാൻ തോട്ടിൽ ഉണ്ടല്ലോ എന്ന് കോടതി പറഞ്ഞു. അത്രത്തോളം പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. ഇത് എങ്ങനെ നിയന്ത്രിക്കുമെന്ന കാര്യം കോർപറേഷനും സർക്കാരും വ്യക്തമാക്കണം. ഇനി ആമയിഴഞ്ചാൻ തോട്ടിൽ പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം വ്യാപിക്കരുത്. 2–3 മാസം കൂടുമ്പോഴെങ്കിലും വൃത്തിയാക്കി കൂടേ? റെയിൽവേ പ്ലാറ്റ്ഫോമിനു താഴെയുള്ള തുരങ്കം വൃത്തിയാക്കേണ്ടതു റെയിൽവേയുടെ ഉത്തരവാദിത്തമാണ്. ഇതിനകത്തേക്കും പുറത്തും മാലിന്യം കടന്നു ചെല്ലുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് കോർപറേഷനും സർക്കാരുമാണ്.
ആമയിഴഞ്ചാൻ റോഡ് വൃത്തിയാക്കുക മാത്രമല്ല, നിലവിൽ ശേഖരിച്ചിട്ടുള്ള മാലിന്യം എങ്ങനെയാണു നീക്കം ചെയ്യുന്നതെന്നും കോർപറേഷൻ വ്യക്തമാക്കണം. ഇതുപോലുള്ള ദുരന്തം തിരുവനന്തപുരത്തു മാത്രമല്ല എറണാകുളത്തും പാലക്കാട്ടും ഒറ്റപ്പാലത്തും എവിടെ വേണമെങ്കിലും സംഭവിക്കാം. ആരും പഴി പറയുകയോ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിയുകയോ ചെയ്തിട്ടു കാര്യമില്ല. മാലിന്യം നീക്കാൻ കരാറുകാരെയാണ് ഏൽപ്പിച്ചിരിക്കുന്നതെങ്കിൽ അവർ കൃത്യമായി ചെയ്യുന്നുണ്ടെന്ന് എങ്ങനെ ഉറപ്പാക്കും? കനാലില്‍ ഇനിയെങ്കിലും പ്ലാസ്റ്റിക് ഇടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം സംബന്ധിച്ച് സമഗ്ര റിപ്പോര്‍ട്ടാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.