ADVERTISEMENT

തിരുവനന്തപുരം∙ ആമയിഴഞ്ചാൻതോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപെട്ടു മരിച്ച ശുചീകരണ തൊഴിലാളി എൻ.ജോയിയുടെ കുടുംബത്തിന് ഉറപ്പുകളുമായി സർക്കാർ. ജോയിയുടെ അമ്മ മെല്‍ഹിക്ക് അടിയന്തര സഹായമായി 10 ലക്ഷം രൂപ നൽകും. ജോയിയുടെ അനുജനു റെയിൽവേയോ സർക്കാരോ ജോലി നൽകുമെന്നും വാഗ്ദാനമുണ്ട്. സർക്കാർ നൽകിയ ഉറപ്പുകളിൽ വിശ്വസിച്ചാണു പ്രതിഷേധങ്ങളിലേക്കു പോകാത്തതെന്നു കുടുംബം പ്രതികരിച്ചു.

ജോയിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം ലഭിച്ച സ്ഥലം. ചിത്രം.മനോരമ
ജോയിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം ലഭിച്ച സ്ഥലം. ചിത്രം.മനോരമ

ജോയിയെ കണ്ടെത്താൻ മഹത്തായ രക്ഷാപ്രവർത്തനമാണു നടന്നതെന്നും പങ്കെടുത്തവരെ അഭിനന്ദിക്കുന്നതായും മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. റെയിൽവേ ഭൂമിയിലായിരുന്നു അപകടം. സർക്കാരിനും നഗരസഭയ്ക്കും ഒന്നും ചെയ്യാനാകില്ല. മാലിന്യ സംസ്കരണം ഉറപ്പാക്കാൻ റെയിൽവേയുമായി യോഗം ചേർന്നിരുന്നു. യോഗത്തിൽ‌ റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥരെത്തിയില്ല. റെയിൽവേ ചെയ്യേണ്ട 20 കാര്യങ്ങൾ യോഗത്തിൽ വ്യക്തമാക്കിയിരുന്നെന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ മന്ത്രി വിമർശിച്ചു. പ്രതിപക്ഷ നേതാവ് ഔചിത്യം കാണിച്ചില്ല. ദുരന്തത്തിനിടയിലും രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിച്ചെന്നും എം.ബി.രാജേഷ് അഭിപ്രായപ്പെട്ടു. തോട് വൃത്തിയാക്കുന്നതിനിടെ ശനിയാഴ്ച കാണാതായ ജോയിയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെയാണു തകരപ്പറമ്പ് - വഞ്ചിയൂർ ഭാഗത്തുനിന്നു കണ്ടെത്തിയത്. ജോയിയുടെ മരണത്തിൽ അതീവദുഃഖമുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

അതേസമയം, ജോയിയുടെ മൃതദേഹം മാരായമുട്ടത്തെ വീട്ടുവളപ്പിൽ സംസ്​കരിച്ചു. ജോയിയെ കാണാതായി 46 മണിക്കൂറിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ജോയിയുടെ സഹോദരനും സഹോദരന്റെ മകനും ഒപ്പം ജോലി ചെയ്തവരും മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ എത്തിയാണ് ജോയിയെ തിരിച്ചറിഞ്ഞത്. രാവിലെ ഉപ്പിടാംമൂട് പാലത്തിനു സമീപമുള്ള ഇരുമ്പ് പാലത്തിന് അരികിലാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായതിനാൽ മൃതദേഹം തിരിച്ചറിയാൻ സാധിച്ചിരുന്നില്ല.

റെയിൽവേയിൽ നിന്നും വെള്ളം ഒഴുകിയെത്തുന്ന സ്ഥലത്തായിരുന്നു ജോയിയുടെ മൃതദേഹം പൊങ്ങിയത്. നഗരസഭ ആരോഗ്യവിഭാഗത്തിലെ താൽക്കാലിക ഉദ്യോഗസ്ഥരാണ് മൃതദേഹം ഒഴുകിപോകുന്നത് രാവിലെ കണ്ടത്.

English Summary:

Rescue Mission for Missing Man Joy in Amayizhanchan Continues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com