ഡോണൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പ്രതിമാസം 45 മില്യൻ യുഎസ് ഡോളർ സംഭാവന; മസ്കിന്റെ പ്രഖ്യാപനം
Mail This Article
വാഷിങ്ടൻ∙യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന് പിന്തുണയുമായി ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനും സ്പേസ് എക്സ് സ്ഥാപകനുമായ ഇലോൺ മസ്ക്. ട്രംപിന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് എല്ലാ മാസവും 45 മില്യൻ യുഎസ് ഡോളർ നൽകാനാണ് ഇലോൺ മസ്ക് പദ്ധതിയിടുന്നതെന്നു വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
അമേരിക്കൻ പിഎസി എന്ന രാഷ്ട്രീയ സംഘത്തിനായിരിക്കും ഇലോൺ മസ്ക് പ്രതിമാസം 45 മില്യൻ യുഎസ് ഡോളർ സംഭാവനയായി നൽകുക. കനത്ത പോരാട്ടം നടക്കുന്ന സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് രംഗത്ത് പ്രവർത്തിക്കുന്ന ട്രംപ് അനുകൂല സംഘടനയാണ് അമേരിക്കൻ പിഎസി. താമസക്കാർക്കിടയിലെ വോട്ടർ രജിസ്ട്രേഷൻ, മെയിൽ ബാലറ്റ് തുടങ്ങിയവ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ സംഘടനയുടെ ദൗത്യം.
മേയ് അവസാനം രൂപീകരിച്ച അമേരിക്കൻ പിഎസിയ്ക്ക് പാലന്തിറിന്റെ സഹസ്ഥാപകനായ ജോ ലോൺസ്‌ഡേറ്റ്, ക്രിപ്‌റ്റോ ശതകോടീശ്വരൻമാരായ കാമറൂൺ, ടൈലർ വിങ്ക്ലെവോസ്, കാനഡയിലെ മുൻ യുഎസ് അംബാസഡർ കെല്ലി ക്രാഫ്റ്റ് എന്നിവർ തിരഞ്ഞെടുപ്പ് സംഭാവന നൽകിയിരുന്നു. തിങ്കളാഴ്ച്ച റിപ്പബ്ലിക്കൻ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിയായി ഡോണൾഡ് ട്രംപിനെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അമേരിക്കൻ പിഎസിയ്ക്ക് ഇലോൺ മസ്ക് സംഭാവന നൽകുമെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തത്.
അതേസമയം അമേരിക്കൻ പിഎസി പുറത്ത് വിട്ട കണക്കുകളിൽ ഇലോൺ മസ്കിന്റെ സംഭാവനയെ കുറിച്ച് പരാമർശമില്ല. പ്രവർത്തനം തുടങ്ങി ഇതുവരെ 8.8 മില്യൺ ഡോളറാണു തങ്ങൾക്ക് സംഭാവനയായി ലഭിച്ചതെന്നും ഇതിൽ 7.8 മില്യൺ ഡോളർ ജൂൺ അവസാനം വരെ ചിലവഴിച്ചെന്നും സംഘടന പുറത്തുവിട്ട കണക്കിൽ പറയുന്നുണ്ട്.
യുഎസിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വ്യക്തിഗത സംഭാവനയുടെ പരിധി 3,300 യുഎസ് ഡോളറാണ്. നിയമത്തിലെ ഈ വ്യവസ്ഥകൾ മറികടക്കാനാണു പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റികൾ എന്ന പിഎസികളെ സ്ഥാനാർഥികൾ ആശ്രയിക്കുന്നത്. പിഎസികള്‍ക്ക് സംഭാവന ചെയ്യുന്ന തുകയ്ക്ക് നിലവിൽ പരിധിയില്ല.
പെനിസിൽവാനിയയിലുണ്ടായ വെടിവയ്പ്പിൽ നിന്ന് ഡോണൾഡ് ട്രംപ് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ഇലോൺ മസ്ക് കഴിഞ്ഞ ദിവസം സമൂഹമാധ്യമമായ എക്സിൽ കുറിച്ചിരുന്നു. മാർച്ചിൽ, കോടീശ്വരനായ നെൽസൺ പെൽറ്റ്‌സിന്റെ ഫ്ലോറിഡയിലെ വസതിയിൽ വച്ച് നടന്ന ചടങ്ങിനിടെയാണ് ഇരുവരും അവാസനമായി കണ്ടുമുട്ടിയത്.