നൂറു കോടി രൂപയുടെ ഭൂമി തട്ടിപ്പ്: തമിഴ്നാട് മുൻ മന്ത്രി അറസ്റ്റിൽ
Mail This Article
കൊച്ചി∙ നൂറു കോടി രൂപയുടെ ഭൂമി തട്ടിപ്പു കേസിൽ തമിഴ്നാട് മുൻ മന്ത്രിയും മുതിർന്ന എഐഎഡിഎംകെ നേതാവുമായ എം.ആർ.വിജയഭാസ്കർ അറസ്റ്റിലായി. പീച്ചിക്കടുത്ത് വിലങ്ങന്നൂരിലെ വാടക വീട്ടിൽ നിന്നാണ് വിജയഭാസ്കറിനെയും സഹായി പ്രവീണിനെയും തമിഴ്നാട് സിബിസിഐഡി ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. പീച്ചി പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി.
തമിഴ്നാട്ടിലെ കരൂർ ജില്ലയിലുള്ള പ്രകാശ് എന്നയാളുടെ 100 കോടി രൂപ വിലമതിക്കുന്ന 22 ഏക്കർ ഭൂമി വിജയഭാസ്കറും സഹായികളും ചേർന്ന് വ്യാജരേഖകൾ ചമച്ച് തട്ടിയെടുത്തെന്നാണ് കേസ്. ഇതിനു പുറമെ പ്രകാശ്, ഭാര്യ പി.ശശികല, മകൾ പി.ശോഭന എന്നിവരെ ഭീഷണിപ്പെടുത്തിയതിനും വിജയഭാസ്കറിനെതിരെ കേസുണ്ട്. ആദ്യം കരൂർ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിസിഐഡി ഏറ്റെടുക്കുകയായിരുന്നു. വിജയഭാസ്കർ, സഹോദരൻ ശേഖർ എന്നിവർ ഉൾപ്പെടെ 13 പേർക്കെതിരെയാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
അറസ്റ്റിലാകാൻ സാധ്യതയുണ്ടെന്ന് കണ്ടതോടെ വിജയഭാസ്കർ ജൂൺ 13ന് കരൂർ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ജൂൺ 25ന് ജാമ്യാപേക്ഷ തള്ളിയതോടെയാണു വിജയഭാസ്കർ ഒളിവിൽ പോയത്. വിജയഭാസ്കറിന്റെ ജാമ്യാപേക്ഷ നാളെ മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് ഇന്ന് അറസ്റ്റുണ്ടായിരിക്കുന്നത്. വിജയഭാസ്കർ കേരളത്തിലുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.