ADVERTISEMENT

തിരുവനന്തപുരം ∙ ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളി ജോയിയുടെ മൃതദേഹം പൊങ്ങി മണിക്കൂറുകൾ പിന്നിട്ടിട്ടും മാലിന്യ നീക്കത്തിലുണ്ടായ വീഴ്ചയിൽ റെയിൽവേയും നഗരസഭയും പരസ്പരം പഴിചാരുന്നത് തുടരുന്നു. ദുരന്ത നിവാരണ നിയമ പ്രകാരം നടപടി സ്വീകരിക്കാമായിരുന്നിട്ടും ഭരണസിരാകേന്ദ്രത്തിനു ഒന്നര കിലോമീറ്റർ അകലെയുള്ള ആമയിഴഞ്ചാൻ തോടിന്റെ ശുചീകരണത്തിനു സംസ്ഥാന സർക്കാരും അനങ്ങിയില്ല. ഓപ്പറേഷൻ അനന്ത തുടരാനും കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനും മാലിന്യം കൃത്യമായി നിർമാർജനം ചെയ്യാനുമുള്ള നടപടികളുണ്ടായില്ല.

ദുരന്ത മുന്നൊരുക്ക പ്രതിരോധ ലഘൂകരണ പ്രവർത്തനങ്ങൾ നിർവഹിക്കാൻ ദുരന്ത നിവാരണ നിയമം 2005 അനുസരിച്ച് കഴിയുമെങ്കിലും ഒന്നും നടന്നില്ല. ‘ജിജി തോംസൺ’ പോലൊരു ചീഫ് സെക്രട്ടറിയും ‘ബിജു പ്രഭാകർ’ പോലൊരു കലക്ടറും ഉദ്യോഗസ്ഥരെ മൂക്കുകയറിടാത്ത സർക്കാരും ഉണ്ടായിരുന്നെങ്കിൽ ആമയിഴഞ്ചാൻ തോടിന് ഈ ഗതി വരില്ലായിരുന്നുവെന്ന് സമൂഹമാധ്യമങ്ങളിലടക്കം ചർച്ച നടക്കുന്നുണ്ട്. ജിജി തോംസണും ബിജു പ്രഭാകറും ആമയിഴഞ്ചാൻ തോട് ശുചീകരിക്കാൻ എടുത്ത നടപടികൾ ഓർമപ്പെടുത്തിയാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച.

ജിജി തോംസൺ  ∙മനോരമ
ജിജി തോംസൺ ∙മനോരമ

ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം കുമിഞ്ഞുകൂടി ടണലിൽ വെള്ളമൊഴുക്കു നിലയ്‌ക്കുമ്പോഴാണ് തമ്പാനൂർ വെള്ളത്തിനടിയിലാകുന്നത്. മഴക്കാലപൂർവ ശുചീകരണ യജ്ഞത്തിനു മുന്നോടിയായി മന്ത്രിയുടെ അധ്യക്ഷതയിൽ വിളിച്ചുകൂട്ടുന്ന യോഗത്തിൽ റെയിൽവേ അധികൃതർ പങ്കെടുക്കാറുണ്ടെങ്കിലും തോട് വൃത്തിയാക്കൽ നടക്കാറില്ല. പലപ്പോഴും തീരുമാനം എടുക്കാൻ അധികാരമില്ലാത്ത ഉദ്യോഗസ്ഥരെയാകും യോഗത്തിനു വിടുക. ഞങ്ങൾ മുകളിൽ അറിയിക്കാമെന്നാകും ഇവരുടെ മറുപടി. കഴിഞ്ഞ കുറേക്കാലമായി ഇതാണ് പതിവ്. ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കണമെന്ന് പലതവണ കോർപറേഷൻ ഉൾപ്പെടെ നിർദേശിച്ചെങ്കിലും അനക്കമുണ്ടായില്ല.

ബിജു പ്രഭാകർ (ചിത്രം: മനോരമ)
ബിജു പ്രഭാകർ (ചിത്രം: മനോരമ)

തമ്പാനൂരിലെ വെള്ളപ്പൊക്കം ചർച്ച ചെയ്യുന്ന യോഗങ്ങളിൽ ജലവിഭവ വകുപ്പും കോർപ്പറേഷനും വൃത്തിയാക്കലിന് സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും റെയിൽവേ സമ്മതിച്ചിട്ടില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പലതവണ റെയിൽവേയ്ക്ക് കത്ത് നൽകിയെന്നായിരുന്നു മേയർ ആര്യ രാജേന്ദ്രൻ ആവർത്തിച്ചത്. റെയിൽവേയ്‌ക്കുമേൽ നടപടിയെടുക്കാനും ടണൽ വൃത്തിയാക്കി ജലമൊഴുക്ക് സുഗമമാക്കാനും സംസ്ഥാന ദുരന്ത നിവാരണ നിയമം അനുസരിച്ച് സംസ്ഥാന സർക്കാരിന് ഇടപെടാനാകും. നഗരസഭയും റെയിൽവേയും തമ്മിലുള്ള ശീതസമരം തുടരുമ്പോൾ ദുരന്തനിവാരണ നിയമം അനുസരിച്ച് നടപടി എടുക്കാൻ ചീഫ് സെക്രട്ടറി തയാറായില്ല. കത്തുകൾ പലതവണ നൽകിയിട്ടും റെയിൽവേ അനങ്ങാത്തതിനാൽ ദുരന്ത നിവാരണ നിയമം അനുസരിച്ച് നടപടി എടുക്കാത്തത് വീഴ്ചയാണെന്ന് ഓപ്പറേഷൻ അനന്തയ്ക്ക് നേതൃത്വം കൊടുത്ത അന്നത്തെ ചീഫ് സെക്രട്ടറി ജിജി തോംസൺ പറഞ്ഞു.

English Summary:

TVM sanitation worker's death: Garbage pile in Amayizhanjan canal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com